ഒരു രാത്രി മുഴുവൻ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ദമ്പതിമാരിൽ ഭർത്താവ് മരിച്ചു, ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. വീട് തകർന്ന് സിമന്‍റ് സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതിമാരിൽ ബിജുവാണ് മരിച്ചത്. ബിജുവിൻ്റെ ഭാര്യ സന്ധ്യയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കൂമ്പാറയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ ബിജുവിനേയും സന്ധ്യയെയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ആദ്യം സന്ധ്യയെ ആണ് പുറത്തെത്തിക്കാനായത്. ഇവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സന്ധ്യയുടെ കാലിന് പരിക്കേറ്റതായാണ് വിവരം. എന്നാൽ സന്ധ്യയ്ക്ക് ശ്വാസ തടസമുണ്ടെന്നും വിളിച്ചാൽ പ്രതികരിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു
അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സന്ധ്യയെ രക്ഷിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഭർത്താവ് ബിജുവിനെയും പുറത്ത് എത്തിക്കാനായത്. 2 മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തകർന്ന വീടിന്‍റെ അവശിഷ്ടങ്ങൾ നീക്കിയാണ് ബിജുവിനെയും പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ ബിജു ഗുരുതരാവസ്ഥയിലായിരുന്നു

