യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: 6 പ്രതികൾ പിടിയിൽ…

യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. തിരുവിഴാംകുന്ന് പരിയാരത്ത് ഷിഹാബുദ്ദീനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലാണ് ആറംഗ സംഘം പിടിയിലായത്. പൊന്നങ്കോട് പൂളക്കൽ ശബരി എന്ന അൻസാർ, പൊറ്റശ്ശേരി പുത്തൻപീടിയേക്കൽ റിയാസ്, തിരുവിഴാംകുന്ന് കുപ്പോട്ടിൽ സുജിത്, പാറശ്ശേരി പ്ലാച്ചിക്കൽ ഗോകുൽ, തടുക്കശ്ശേരി കുന്നൻക്കാട്ടിൽ ജിഷ്ണു, പാറശ്ശേരി കിഴക്കേകര വിപിൻ എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളും ഷിഹാബുദ്ദീന്റെ ബന്ധുവായ ഷാഹുലും തമ്മിലുള്ള വാഹന ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവിഴാംകുന്ന് തൃക്കളൂരിലെ സ്കൂൾ ഗ്രൗണ്ടിന് സമീപത്തു നിന്നാണ് ഷിഹാബുദ്ദീനെ ആറംഗ സംഘം തട്ടിക്കൊണ്ടു പോയത്.

ശ്രീകൃഷ്ണപുരത്ത് മുറിയിൽ എത്തിച്ച ശേഷം വ്യാഴാഴ്ച പുലർച്ചെ നാലു മണിവരെ തടഞ്ഞു വയ്ക്കുകയും ഷാഹുലിനെ കാണിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മർദിക്കുകയും കൊന്നുകളയുമെന്ന് പറഞ്ഞ് കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികൾ വീശിയ കത്തി തട്ടി ഷിഹാബുദ്ദീന്റെ ഇടത് ഷോൾഡറിലും കൈകളിലും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളുടെ പിടിയിൽ നിന്ന രക്ഷപ്പെട്ട ഷിഹാബുദ്ദീൻ നൽകിയ പരാതിയിലാണ് എസ്ഐ എ.കെ.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button