എപ്പോഴെങ്കിലും പഴങ്ങൾ കഴിച്ചാൽ ശരീരഭാരം കുറയുകയില്ല.. സമയം നോക്കി കഴിക്കണം…
പഴങ്ങൾ കഴിക്കാനും സമയമുണ്ട്.പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് നിങ്ങളെങ്കിൽ പഴങ്ങൾ കഴിക്കുന്നതിന് സമയം നോക്കേണ്ടത് പ്രധാനമാണ്. പ്രധാന ഭക്ഷണം നന്നായി കഴിച്ച ശേഷം രണ്ട് ആപ്പിൾ കഴിച്ചതു കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല.വിറ്റാമിനുകളും ധാതുക്കളും നാരുകളും ആന്റി-ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയതാണ് പഴങ്ങള്‍. ഇവ ആരോഗ്യകരമായ ഡയറ്റിന്റെ ഭാഗമാക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ പഴങ്ങള്‍ എപ്പോള്‍ കഴിക്കുന്നതാണ് മികച്ച ഫലം തരിക.
പഴങ്ങളില്‍ അടങ്ങിയ ഉയര്‍ന്ന അളവിലെ നാരുകള്‍ വിശപ്പിനെ നിയന്ത്രിക്കാനും സംതൃപ്തി വര്‍ധിപ്പിക്കാനും സഹായിക്കും. ഇതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കും. ഇതാണ് ശരീരഭാരം നിയന്ത്രിക്കാനുള്ള പ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്നത്.പഴങ്ങള്‍ കഴിക്കാനുള്ള ശരിയായ സമയം ഏതെന്ന് നോക്കാം..
പഴങ്ങള്‍ ലഘുഭക്ഷണമായോ ഭക്ഷണത്തിന് മുമ്പോ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗം. അതേസമയം നല്ല രീതിയില്‍ ഭക്ഷണം കഴിച്ച ശേഷമാണ് പഴങ്ങള്‍ കഴിക്കുന്നതെങ്കില്‍ ഗുണമുണ്ടാകില്ല.കൂടാതെ കാര്‍ബോഹൈഡ്രേറ്റിന്റെ അളവു വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പഴങ്ങള്‍ രാവിലെയോ വൈകുന്നേരമോ പ്രധാന ഭക്ഷണത്തിന് മുന്‍പ് കഴിക്കുന്നത് ഊര്‍ജ്ജ നില സ്ഥിരമാക്കാനും വിശപ്പ് അകറ്റി നിര്‍ത്താനും സഹായിക്കും.പഴങ്ങള്‍ എപ്പോഴും തൈര്, നട്‌സ് പോലുള്ള പ്രോട്ടീന്‍ ഭക്ഷണത്തിനൊപ്പം ചേര്‍ത്ത് കഴിക്കുന്നതാണ് ഉത്തമം.