വിവാഹ വാഗ്ദാനം നല്‍കി വേറെ രണ്ട് യുവതികളെയും സുകാന്ത് ചൂഷണം ചെയ്തു… കൂടുതൽ വിവരങ്ങൾ പുറത്ത്…
വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുകാന്തിനെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുകാന്ത് വേറെയും യുവതികളെ പീഡിപ്പിച്ചുവെന്നും ഇവരില്‍നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ സുകാന്തിനെ ജൂണ്‍ പത്താം തീയതി വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച അമ്മാവന്‍ മോഹനനെ കേസില്‍ രണ്ടാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ മറ്റു രണ്ടു യുവതികളെ കൂടി ഇയാള്‍ ചൂഷണം ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സഹപ്രവര്‍ത്തകയായിരുന്ന യുവതി, ഇയാള്‍ക്കൊപ്പം ജയ്പൂരില്‍ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന മറ്റൊരു യുവതി എന്നിവരെ ശാരീരികമായും സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെയും വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ യുവതികളെ ചൂഷണം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ രണ്ടുമാസത്തിലേറെ ഒളിവില്‍ക്കഴിഞ്ഞ് ഒടുവില്‍ കീഴടങ്ങിയ പ്രതി സുകാന്തിനെ നേരില്‍ക്കണ്ടപ്പോള്‍ പൊട്ടിത്തെറിച്ച് ബന്ധുക്കള്‍. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പ്രതി ചേര്‍ക്കപ്പെട്ട സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ തിരിച്ചറിയാനായി പേട്ട പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ബന്ധുക്കളുടെ രോഷം അണപൊട്ടിയത്.ഇയാളെ തിരിച്ചറിയാനായി പെണ്‍കുട്ടികളുടെ ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. ഈ സമയം സ്റ്റേഷനില്‍ പ്രതിയെ കണ്ട് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പക്ഷേ സുകാന്ത് അക്ഷോഭ്യനായി തലതാഴ്ത്തി നില്‍ക്കുകയായിരുന്നു