മേഘ ഗര്‍ഭഛിദ്രം നടത്തി.. രേഖകൾ കൈമാറി കുടുംബം.. കേസെടുക്കാതെ പൊലീസ്…

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ പുതിയ വഴിത്തിരിവ്. മേഘ കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടെ പൊലീസിന് കൈമാറി കുടുംബം.എന്നാൽ തെളിവുകൾ പലതും നൽകിയിട്ടും സുകാന്തിനെതിരെ കേസെടുക്കാന്‍ പേട്ട പൊലീസ് തയാറായിട്ടില്ലന്നാണ് കുടുംബത്തിന്റെ ആരോപണം.മേഘ മരിച്ച് പത്തു ദിവസം കഴിഞ്ഞിട്ടും അന്വേഷണം തുടരുകയാണെന്ന മറുപടി മാത്രമാണ് പൊലീസില്‍നിന്നു ലഭിക്കുന്നത്.

അതേസമയം ഒളിവില്‍ കഴിയുന്ന ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ പിടികൂടാന്‍ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സുകാന്തിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.വിമാനത്താവളങ്ങള്‍ വഴി രാജ്യം വിടുന്നതു തടയാനാണു നടപടി. അന്വേഷണം തൃപ്തികരമാണെന്നാണ് മേഘയുടെ കുടുംബം പറയുന്നതെങ്കിലും സുകാന്തിനെതിരെ കേസ് എടുക്കാത്തതില്‍ അതൃപ്തിയുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. ഇതിനു ശേഷം ഡിജിപിയെ നേരിൽക്കണ്ട് പരാതി കൊടുക്കാനാണ് കുടുംബത്തിന്റെ നീക്കം.



