ഐഎഎസ് തലപ്പത്ത് അഴിച്ചുപണി.. ശ്രീറാം വെങ്കിട്ടരാമന്‍ കൃഷി വകുപ്പ് ഡയറക്ടര്‍, ഡോ. അദീല അബ്ദുല്ല…..
ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ.മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി പി ബി നൂഹിനെ ഗതാഗത വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ സിഎംഡി സ്ഥാനവും നൂഹ് വഹിക്കും. പകരം ഡോ. അശ്വതി ശ്രീനിവാസിന് സപ്ലൈകോയുടെ ചുമതല നല്‍കി.
കൃഷി വികസന, കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുല്ലയെ സാമൂഹിക നീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഫിഷറീസ് ഡയറക്ടര്‍ ബി. അബ്ദുള്‍ നാസറിനെ കായിക, യുവജന കാര്യ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍ എന്നീ തസ്തികകളുടെ അധിക ചുമതല കൂടിയുണ്ട്.പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ സെക്രട്ടറി എ ഷിബുവിന് കേരള സംസ്ഥാന മണ്‍പാത്ര നിര്‍മ്മാണ മാര്‍ക്കറ്റിങ് ആന്‍ഡ് വെല്‍ഫെയര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറുടെ പൂര്‍ണ അധിക ചുമതല നല്‍കി.