ആരും എന്നെ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല, ഐഎസിൽ ചേരാൻ നിർബന്ധിച്ചിട്ടില്ല; ശ്രീജ നെയ്യാറ്റിന്‍കര

കേരള സ്റ്റോറിയുടെ രണ്ടാം ഭാ​ഗമായ ബിയോണ്ട് ദ കേരള സ്റ്റോറി എന്ന സിനിമക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. വെറുപ്പ് ഉത്പാദിപ്പിക്കുന്ന കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ പ്രൊപ്പഗണ്ട സിനിമ ‘ബിയോണ്ട് ദ കേരള സ്റ്റോറി’ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. മുസ്ലീങ്ങൾക്കെതിരെ വർഗീയത മാത്രം തുപ്പുന്ന, വെറുപ്പ് മാത്രം പടർത്തുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളതെന്ന് ഇവർ ആരോപിച്ചു. കേരളത്തിന്റെ മതേതരത്വത്തെ, സാമൂഹികാന്തരീക്ഷത്തെ വെല്ലുവിളിക്കുന്ന ഈ സിനിമയ്ക്കെതിരെ മതേതര കേരളത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. എണ്ണമില്ലാത്തത്രയും മുസ്ലീം വീടുകളിൽ കിടന്നുറങ്ങിയിട്ടുണ്ട് .. അവർ നൽകുന്ന ഭക്ഷണം കഴിച്ചും അവരോടൊപ്പം രാപകൽ വ്യത്യാസമില്ലാതെ യാത്ര ചെയ്തുമുള്ള എന്റെ ജീവിതത്തിൽ “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങൾ ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടെന്ന”ല്ലാത്ത സ്നേഹ വാക്കുകൾക്കപ്പുറം ഒരു മത പരിവർത്തനത്തെ കുറിച്ചും അവരാരും സംസാരിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.

വെൽഫെയർ പാർട്ടിയിൽ ചേരുന്നതിനും എത്രയോ മുൻപ് ഇവറ്റകൾ ഭീകരവൽക്കരിക്കുന്ന മലപ്പുറം എന്ന ജില്ലയെ എനിക്കറിയാം. എന്റെ ഏകതാ പരിഷത്ത് കാലത്ത് മലപ്പുറം ജില്ലയുടെ മുക്കിലും, മൂലയിലും വാഹന പ്രചാരണ യാത്ര നടത്തിയിട്ടുള്ള വ്യക്തിയാണ് ഞാൻ. അക്കാലത്ത് കിടന്നുറങ്ങിയിട്ടുള്ള എത്രയെത്ര മുസ്ലീം വീടുകൾ. എന്നെ പിടിച്ച് ആരും നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ല, ഐഎസിൽ ചേർക്കാൻ ശ്രമിച്ചിട്ടില്ല, ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിച്ചിട്ടില്ല, ഒരു മുസ്ലീമും ചതിയുടെ വിഷം പുരട്ടി പിന്നാലെ വന്നിട്ടില്ല. ആദ്യമായി ഞാൻ ബീഫ് കഴിക്കുന്നത് ബീഫ് കൈവശം വച്ചതിന്റെ പേരിൽ അഹ്ലാക്കിനെ കൊന്ന് തള്ളിയ സംഘ് ഭീകരതയ്‌ക്കെതിരെ പ്രതിഷേധിച്ചു കൊണ്ടായിരുന്നു. അതുവരെ ഞാൻ ബീഫ് കഴിച്ചിട്ടില്ല. 

അതിന് മുൻപ് മുസ്ലീങ്ങളുടെ വീടുകളിൽ ചെല്ലുമ്പോൾ ബീഫ് വിളമ്പിയാൽ കഴിക്കില്ലെന്ന് പറയും ഒരിക്കലും അവർ അത് കഴിക്കാൻ എന്നെ നിർബന്ധിച്ചിട്ടില്ല, ബലം പ്രയോഗിച്ച് എന്നെ ബീഫ് കഴിപ്പിച്ചിട്ടില്ല. പകരം ഇഷ്‌ടമുള്ളത് എന്താണോ അത് ചോദിച്ച് സ്നേഹത്തോടെ ഉണ്ടാക്കി തരുമെന്നും ശ്രീജ കുറിച്ചു. പർദ്ദ ധരിച്ച എന്റെ ഈ ചിത്രം ചേർക്കാനുള്ള രാഷ്ട്രീയ കാരണം മറ്റൊന്നുമല്ല. ഒരു സംഘ് പരിവാർ നുണകൾക്കും വഴങ്ങില്ലെന്ന് പ്രഖ്യാപിക്കാനും വിദ്വേഷപ്രചാരണങ്ങൾക്കിരയാകുന്ന മുസ്ലീം സമൂഹത്തോടൊപ്പം ഐക്യപ്പെടാനുമാണെന്നും ഇവർ വ്യക്തമാക്കി.

Related Articles

Back to top button