‘അമ്മയെ മിസ് ചെയ്യുന്നു.. പത്തുവർഷത്തിലേറെയായി ഒരുനോക്ക് കണ്ടിട്ട്…
യെമനിലെ ജയിലില്‍ കഴിയുന്ന അമ്മയുടെ മോചനത്തിന് അധികാരികളോട് അഭ്യര്‍ഥിച്ച് നിമിഷപ്രിയയുടെ പതിമൂന്നുകാരിയായ മകള്‍. പിതാവ് ടോമി തോമസിനും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സംഘടനയുടെ സ്ഥാപകനുമായ ഡോ. കെഎ പോളിന് ഒപ്പമാണ് യെമനിലെത്തി മിഷേല്‍ അധികാരികളോട് അഭ്യര്‍ഥന നടത്തിയത്.
കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് വര്‍ഷങ്ങളായി നിമിഷപ്രിയ യെമനിലെ ജയിലിലാണ്. പതിമൂന്നുകാരിയായ മിഷേല്‍ അമ്മയെ അവസാനമായി കണ്ടിട്ട് പത്തുവര്‍ഷത്തിലേറെയായി. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് മകള്‍ അമ്മയെ മോചിപ്പിക്കണമെന്ന് അധികാരികളോട് അഭ്യര്‍ഥിച്ചത്. ‘ദയവായി എന്റെ അമ്മയെ വീട്ടിലേക്ക് തിരികെ വരാന്‍ സഹായിക്കൂ. ഞാന്‍ അവരെ കാണാന്‍ വല്ലാതെ ആഗ്രഹിക്കുന്നു. അമ്മയെ മിസ് ചെയ്യുന്നു’. മിഷേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പിതാവിനും തോമസിനുമൊപ്പമാണ് മിഷേല്‍ അധികൃതരെ അഭിസംബോധന ചെയ്തത്. ‘നിമിഷപ്രിയയുടെ മകള്‍ കഴിഞ്ഞ പത്തുവര്‍ഷമായി മകളെ കണ്ടിട്ടില്ല. നിമിഷപ്രിയയുടെ മോചനം സാധ്യമാക്കുന്നതോടെ തലാല്‍ കുടുംബത്തിനോട് ഞങ്ങള്‍ക്ക് നന്ദിയുണ്ടാകും. ദൈവം നിങ്ങളെ അനുഗഹ്രിക്കും’- കെഎ പോള്‍ പറഞ്ഞു. സമാധാനത്തിന്റെ പ്രതീകമാണ് നിമിഷ പ്രിയയെന്ന പറഞ്ഞ പോള്‍ നിമിഷപ്രിയയുടെ മോചനം സാധ്യമാകുന്നതോടെ നിങ്ങള്‍ ചെയ്യുന്നത് അത്ഭുതകരമായ പ്രവൃത്തിയായിരിക്കും. സ്‌നേഹം വെറുപ്പിനെക്കാള്‍ ശക്തമാണെന്നും നിങ്ങള്‍ നിങ്ങളുടെ സ്‌നേഹം തെളിയിക്കുകയാണെന്നും ഇത് ലോകത്തിനാകെ മാതൃകയാണെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു.