‘അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് യോജിപ്പില്ല’

മുന്നണി വിപുലീകരണവുമായി നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോൺഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് തനിക്ക് യോജിപ്പില്ല. വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാൻ കഴിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഘടകകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി വി അൻവർ മാന്യതയോടെ പോകണം. വിഷ്ണുപുരം ചന്ദ്രശേഖറിൻറെ പാർട്ടിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും കെപിസിസി മുൻ അധ്യക്ഷൻ പറഞ്ഞു.

“എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരിക എന്ന് പറഞ്ഞാൽ അതിൽ പ്രയാസമുണ്ട്. എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അതും അംഗീകരിക്കാൻ പ്രയാസമുണ്ട്. ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യ ജനാധിപത്യ മുന്നണിയെ നോക്കി കാണാനാവില്ല. അൻവർ എവിടെയായാലും അൽപ്പം സംയമനം പാലിക്കണം. മുന്നണിയാകട്ടെ, പാർട്ടിയാകട്ടെ അച്ചടക്കത്തിന് വിരുദ്ധമായി സംസാരിക്കുക, പരസ്യ പ്രസ്താവന നടത്തുക എന്നിവയൊന്നും ഗുണകരമല്ല. അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി ഐക്യ ജനാധിപത്യ മുന്നണി മാറുന്നതിനോട് എനിക്ക് യോജിപ്പില്ല”- മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Related Articles

Back to top button