സിനിമയിലെ ഐസിസി അംഗം സംവിധായകൻ രഞ്ജിത്തിനായി ഹാജരായത് അറിഞ്ഞില്ല…കുക്കു പരമേശ്വരൻ…

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി ഹാജരായത് സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി അംഗമാണെന്ന് അറിഞ്ഞില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. മകൻ ആശുപത്രിയിലായതിനാൽ ഇക്കാര്യം അറിഞ്ഞില്ലെന്നും കുക്കു പരമേശ്വരൻ പറഞ്ഞു.
യുവനടിക്ക് നേരെയുണ്ടായ ആക്രണത്തിൽ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിച്ച് മുന്നോട്ടുപോകാനാണ് താത്പര്യം. വിഷയം ഗൗരവത്തിൽ തന്നെ പരിഗണിക്കുന്നു. ആർക്കായാലും അമ്മയുടെ പിന്തുണയുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് പൂർണമായ സുരക്ഷിതത്വം വേണമെന്നാണ് അമ്മ വിശ്വസിക്കുന്നതെന്നും കുക്കു പരമേശ്വരൻ പറഞ്ഞു.
ഐഐസിസി എക്സ്റ്റേണൽ അംഗമായ അഡ്വ. മുഹമ്മദ് സിയാദാണ് രഞ്ജിത്തിനായി കോടതിയിൽ ഹാജരായത്. ഐസിസിയിൽ നിന്നും കഴിഞ്ഞദിവസം രാജിവെച്ചെന്നാണ് സിയാദിന്റെ വിശദീകരണം. കുടുംബ സുഹൃത്ത് ആയതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നും ഐസിസിക്ക് നടി പരാതി നൽകിയിട്ടില്ലെന്നുമാണ് പ്രതികരണം.



