നെറ്റ് ഓഫായിരുന്നു, സന്ദേശം വായിച്ചത് ഒരു മണിക്കൂർ കഴിഞ്ഞ്.. ഓടിയെത്തിയ മാതാപിതാക്കൾ കണ്ടത്..
കൊടുങ്ങല്ലൂരിൽ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത കുട്ടിക്ക് ഒരു വയസ്സ് തികയും മുമ്പ് ഗർഭിണിയായതിന്റെ പേരിലായിരുന്നു കുറ്റപ്പെടുത്തലും മർദനവും. ഭർതൃ വീട്ടിലെ പീഡനം സൂചിപ്പിച്ച് യുവതി മാതാവിനെ അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നു.
ഇന്നലെ രാവിലെ ആത്മഹത്യ ചെയ്യും മുമ്പ് ഫസീല എന്ന 23 കാരി ഉമ്മയ്ക്ക് വാട്സാപ്പിലൂടെ അയച്ച സന്ദേശം ഇങ്ങനെയാണ്- “ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്‍റെ വയറ്റിൽ കുറെ ചവിട്ടി. ഉപദ്രവിച്ചു. ഇവിടുത്തെ ഉമ്മയും എന്നെ തെറി വിളിച്ചു. ഉമ്മാ ഞാൻ മരിക്കുകയാണ് ഇല്ലെങ്കിൽ ഇവർ എന്നെ കൊല്ലും.” നെറ്റ് ഓഫ് ആയിരുന്നതിനാൽ ഒരു മണിക്കൂറിനു ശേഷമാണ് മാതാപിതാക്കൾ ഈ മെസേജ് കാണുന്നത്. വണ്ടി പിടിച്ച് കൊടുങ്ങല്ലൂരിലെ വീട്ടിൽ എത്തിയപ്പോഴേക്കും മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞു. അവിടെ എത്തിയപ്പോൾ കാണുന്നത് മകളുടെ ജീവനറ്റ ശരീരമായിരുന്നു. ഭർതൃ വീട്ടിലെ പീഡനമാണ് മരണ കാരണം എന്ന് ബന്ധുക്കൾ പറയുന്നു.
ഒരു കൊല്ലവും ഒൻപത് മാസവും ആയി ഫസീലയുടെയും നൗഫലിന്റെയും വിവാഹം കഴിഞ്ഞിട്ട്. 9 മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട് ഇവർക്ക്. ഫസീല രണ്ടാമതും ഗർഭിണിയായ വിവരം കഴിഞ്ഞ ദിവസമാണ് അറിയുന്നത്. ഗർഭിണിയായതിന് ഫസീലയെ മാത്രമാണ് അമ്മായിയമ്മ കുറ്റപ്പെടുത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ വഴക്കിനിടെ ഭർത്താവ് ഫസീലയെ അടിവയറ്റിൽ ചവിട്ടി. പോസ്റ്റ്മോർട്ടം പരിശോധനയിൽ അടിവയറ്റിൽ പരിക്കേറ്റെന്ന് വ്യക്തമായി.