ഷിബിലയുടെ വസ്ത്രങ്ങൾ കത്തിച്ച് ചിത്രമെടുത്ത് സ്റ്റാറ്റസാക്കി.. ഭാര്യയെക്കൊന്ന യാസിർ അമ്മയെക്കൊന്ന ആഷിഖിന്റെ ഉറ്റസുഹൃത്ത്…
കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് മദ്യലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യാസിര്‍ കടുത്ത മാനസിക വൈകൃതമുള്ള വ്യക്തി. യാസിറുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ ഷിബിലയുടെ വസ്ത്രങ്ങള്‍ കത്തിച്ച് ചിത്രമെടുത്ത് ഇയാള്‍ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി. ഷിബില ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ഇത്.കഴിഞ്ഞ മാസം 28നായിരുന്നു ഷിബില യാസിറിനെതിരെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തങ്ങളുടേത് സ്വന്തം ഇഷ്ടപ്രകാരമുള്ള രജിസ്റ്റര്‍ വിവാഹമായിരുന്നുവെന്നാണ് ഷിബില പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
വിവാഹത്തിന് ശേഷം യാസര്‍ ഉപദ്രവിക്കുന്നതും തെറി വിളിക്കുന്നതും പതിവാക്കി. ആക്രമണം പതിവായതോടെ മധ്യസ്ഥത വഹിച്ചാണ് മുന്നോട്ടുപോയത്. എന്നാല്‍ ഫെബ്രുവരിയുടെ തുടക്കത്തില്‍, തന്നെ വീട്ടില്‍ നിന്ന് അടിച്ചിറക്കി. ഇതേ തുടര്‍ന്ന് താന്‍ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. തന്റെയും മകളുടേയും വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ അനുവദിച്ചില്ല. തന്റെ മാതാപിതാക്കളോട് ആക്രോശിച്ചു. ഇതിന് യാസിറിന്റെ മാതാപിതാക്കളുടെ പിന്തുണയുണ്ടെന്നും ഷിബില പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഷിബിലയുടെ പരാതിയില്‍ പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചിരുന്നില്ലന്നും ആരോപണമുണ്ട്.
ഇന്ന് വൈകിട്ടാണ് ഈങ്ങാപ്പുഴ കക്കാട് അരുംകൊല നടന്നത്. ലഹരിയിലെത്തിയ യാസര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു അരുംകൊല.പ്രതി യാസർ ലഹരിക്കടിമയായി അമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖിന്റെ സുഹൃത്താണെന്ന വിവരവും പുറത്ത് വരുന്നു.യാസർ ലഹരിക്ക് അടിമയാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്.പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.