മൃതദേഹങ്ങളിൽ നിന്ന് തലയോട്ടി വെട്ടിമാറ്റിയ നിലയിൽ…ദീർഘനാളായുള്ള ആശങ്ക അവസാനിപ്പിച്ച് പൊലീസ്…
ശ്മശാനത്തിൽ തുറന്ന നിലയിൽ കല്ലറകൾ. തലയോട്ടികൾ കാണാതാവാനും തുടങ്ങിയതിന് പിന്നാലെയുണ്ടായ ആശങ്കയ്ക്ക് വിരാമം. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം. രണ്ട് പേരെ പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ദുർമന്ത്രവാദത്തിന് വേണ്ടിയാണ് ഇവർ തലയോട്ടികൾ കല്ലറ തുറന്ന് ശേഖരിച്ചിരുന്നത്. രഹസ്യ വിവരത്തേത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊഹമ്മദ് ഇമാദാദ്, മൊഹമ്മദ് ആസാദ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
സരൈയാ, ബോറാ ഗ്രാമത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഫ്സർ നഗറിലെ ശ്മശാനത്തിൽ നിന്നാണ് ഇവർ തലയോട്ടികൾ ശേഖരിച്ചിരുന്നത്. മൃതദേഹത്തിൽ നിന്ന് തലവെട്ടി മാറ്റിയ ശേഷമായിരുന്നു തലയോട്ടി ശേഖരിച്ചിരുന്നത്. അഞ്ച് വർഷത്തോളമായി മേഖലയിൽ മൃതദേഹങ്ങളിൽ നിന്ന് തലയോട്ടി കാണാതാവുന്നതായാണ് പരിസരവാസികൾ പ്രതികരിച്ചത്. ആറിലധികം മൃതദേഹങ്ങളിൽ നിന്നാണ് തലയോട്ടികൾ കാണാതായത്. ജനുവരി 22ന് അമ്മയുടെ മൃതദേഹത്തിൽ നിന്ന് തലയോട്ടി കാണാതായതായും കല്ലറ തുറന്നതായും ബദിരു സമാൻ എന്ന യുവാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ബീവി നൂർജാവി ഖാത്തൂന്റെ തലയോട്ടിയാണ് കാണാതായത്. ആറ് മാസം മുൻപായിരുന്ന ഇവരുടെ സംസ്കാരം നടന്നത്. അടുത്തിടെ ശ്മശാനത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹവും കാണാതായിരുന്നു. അറസ്റ്റിലായവരിൽ നിന്ന് തലയോട്ടി കണ്ടെത്തിയതായി പൊലീസ് വിശദമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. മന്ത്രവാദ ആവശ്യങ്ങൾക്കായാണ് തലയോട്ടി ശേഖരിച്ചതെന്നാണ് അറസ്റ്റിലായവർ മൊഴി നൽകിയിട്ടുള്ളത്. 12ലേറ ഗ്രാമത്തിൽ നിന്നുള്ളവരെയാണ് ഈ ശ്മശാനത്തിൽ സംസ്കരിച്ചിട്ടുള്ളത്. ആളുകൾ കാലികളെ അഴിച്ച് വിടുന്നത് ശ്മശാനത്തിന്റെ വേലികളെ ദുർബലമാക്കിയെന്നാണ് പഞ്ചായത്ത് അധികൃതർ വിശദമാക്കുന്നത്.