നഴ്സുമാർക്ക് ജർമ്മനിയിൽ വൻ അവസരം; പ്രതിമാസം രണ്ടര ലക്ഷം രൂപയിലേറെ ശമ്പളം.. ജർമ്മൻ ഭാഷ പരിജ്ഞാനം നിർബന്ധമില്ല…
മലയാളികളായ നഴ്സുമാർക്ക് ജർമ്മനിയിൽ വൻ അവസരങ്ങൾ. 250 ഒഴിവുകളിലേയ്‌ക്കുള്ള റിക്രൂട്ട്മെന്റിന് നോർക്ക അപേക്ഷ ക്ഷണിച്ചു. നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ട റിക്രൂട്ട്മെന്റാണ് ഇപ്പോൾ നടക്കുന്നത്. രണ്ടര ലക്ഷം രൂപയിലേറെയാണ് പ്രതിമാസ ശമ്പളം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ ആറാണ്.
ബി.എസ്.സി/ജനറൽ നഴ്സിംഗാണ് അടിസ്ഥാന യോഗ്യത. 250 ഒഴിവുകളിലേയ്‌ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഉദ്യോഗാർത്ഥികൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ മുഖേനയാണ് അപേക്ഷ നൽകേണ്ടതാണ്. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവർക്ക് തൊഴിൽ പരിചയം ആവശ്യമില്ല. ജനറൽ നഴ്സിംഗ് പാസ്സായവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. ഉയർന്ന പ്രായപരിധി 38 വയസ്സ്.
അഭിമുഖം മെയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോ(212584 ഇന്ത്യൻ രൂപ)യും രജിസ്റ്റേർഡ് നഴ്സ് തസ്തികയിൽ പ്രതിമാസം 2900യൂറോ (268041ഇന്ത്യൻ രൂപ) യുമാണ്. പദ്ധതിയിലേയ്‌ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ പരിജ്ഞാനം നിർബന്ധമില്ല.
തിരഞ്ഞെടുക്കപ്പെടുന്നവർ എറണാകുളം/തിരുവനന്തപുരം സെന്ററിൽ ജർമ്മൻ ഭാഷാ പരിശീലനത്തിൽ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒൻപതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. ജർമ്മനിയിൽ നിയമനത്തിനുശേഷം ബി2 ലെവൽ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ ജർമ്മൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസാവുന്നവർക്ക് 250 യൂറോ ബോണസ്സിനും അർഹതയുണ്ട്. രജിസ്റ്റേർഡ് നഴ്സ് ആകുന്ന മുറയ്‌ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്.
കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. കൂടുതൽ വിവരങ്ങൾക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.