അനുജത്തി മരിച്ചതറിയാതെ ഓടിക്കളിച്ച് നാലുവയസുകാരന്; പിറന്നാള്‍ ദിനത്തിലെത്തിയ ദുരന്തം..അറസ്റ്റ് ഇന്ന്
അങ്കമാലി കറുകുറ്റിയിൽ 6 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മൂമ്മ റോസിലിയെ ഇന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്യും. കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊല നടത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. മാനസിക വിഭ്രാന്തി നേരിടുന്ന സ്ത്രീയാണ് റോസിലി എന്നാണ് വിവരം. കുഞ്ഞിന്റെ കൊലപാതകത്തിനു പിന്നാലെ മനസിനു താളംതെറ്റിയ നിലയിൽ കണ്ടെത്തിയ റേസിലിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കറുകുറ്റി സ്വദേശികളായ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് മരിച്ച ഡൽന മരിയ സാറ. മാതാപിതാക്കൾ അസുഖബാധിതരായതിനെ തുടർന്ന് ഒരു വർഷം മുമ്പാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്. ഇതിനിടെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾക്കു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണസംഭവം ഉണ്ടായത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സയിലായിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയെത്തി.



