കളമശ്ശേരിയിൽ യുവതിയെ ആക്രമിച്ച് സ്വർണ്ണമാലയും ഐഫോണും കവർന്നു; ആക്രമണത്തിനിരയായത് സ്ഥിരമായി യാത്ര ചെയ്യുന്ന വഴിയിൽവെച്ച്

കളമശ്ശേരിയിൽ യുവതിയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നെന്ന് പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്. യുവതി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കളമശ്ശേരിയിൽ വാടകയ്ക്ക് താമസിച്ച് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് ആക്രമണത്തിനിരയായത്.

രാത്രി എട്ടരയോടെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. സെന്റ് ജോസഫ് പള്ളിക്ക് സമീപം എത്തിയപ്പോൾ തൊപ്പിയും ഷർട്ടും ധരിച്ച ഒരാൾ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. മുണ്ടുപയോഗിച്ച് യുവതിയെ വലിച്ചു താഴെയിട്ട് തല തൂണിൽ ഇടിക്കുകയും പിന്നീട് കല്ലുകൊണ്ട് അടിക്കുകയും ചെയ്തശേഷമാണ് കവർച്ച നടത്തിയതെന്നാണ് വിവരം.

ആക്രമണത്തിൽ യുവതിയുടെ തലയുടെ പിൻഭാഗത്ത് പരിക്കേറ്റിട്ടുണ്ട്. ഒരു പവനിലേറെ തൂക്കം വരുന്ന സ്വർണ്ണമാല, കമ്മൽ, ഐഫോൺ എന്നിവയാണ് പ്രതി കവർന്നത്.

സംഭവത്തിന് പിന്നാലെ യുവതിയുടെ സുഹൃത്തുക്കളാണ് അവരെ ആശുപത്രിയിലെത്തിച്ചത്. മാനസികാഘാതത്തെ തുടർന്ന് യുവതിക്ക് സംസാരിക്കാൻ സാധിച്ചിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സ്ഥിരമായി യാത്രചെയ്യുന്ന വഴിയിലായിരുന്നു ആക്രമണമുണ്ടായത്. പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുക്കുകയും പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Related Articles

Back to top button