ശബരിമലയിൽ അന്നദാനത്തിന് മാത്രം ഓൺലൈനിൽ ലഭിച്ചത് എത്രയെന്നോ….
മണ്ഡല മഹോത്സവത്തിനു സമാപനം കുറിക്കാൻ മൂന്നുനാൾ ബാക്കി നിൽക്കേ ഏഴുലക്ഷത്തിലേറെപ്പേർക്ക് അന്നമേകിയതിന്റെ ചാരിതാർഥ്യത്തിൽ ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ അന്നദാനമണ്ഡപം. ശബരീശ സന്നിധിയിലെ അന്നദാനത്തിന് ലോകമെമ്പാടുമുള്ള ഭക്തരിൽനിന്ന് ഇക്കുറി ഓൺലൈനായി ലഭിച്ച സംഭാവന 2.18 കോടി രൂപയാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ഡിസംബർ 22 വരെയുള്ള കണക്കനുസരിച്ച് 7,07,675 ഭക്തർക്കാണ് ഈ തീർഥാടനകാലത്ത് സന്നിധാനത്തെ അന്നാദനമണ്ഡപത്തിൽ സൗജന്യഭക്ഷണമേകിയത്. കഴിഞ്ഞവർഷം ഡിസംബർ 22 വരെ ആറരലക്ഷത്തിലേറെപ്പേർക്കാണ് അന്നദാനം നടത്തിയത്. കഴിഞ്ഞസീസണിനെ അപേക്ഷിച്ചു അഞ്ചുലക്ഷത്തോളം തീർഥാടകർ കൂടുതലായി എത്തിയ ഈ മണ്ഡലകാലത്ത് അൻപതിനായിരം പേർക്കു കൂടുതൽ ഭക്ഷണം നൽകാനായതിന്റെ ചാരിതാർഥ്യത്തിലാണ് ദേവസ്വം ബോർഡ്. എത്ര അയ്യപ്പഭക്തർ വന്നാലും അവർക്കെല്ലാം സൗജന്യമായി ഭക്ഷണമൊരുക്കാനുള്ള സംവിധാനം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് ആധുനികരീതിയിൽ പണികഴിപ്പിച്ച ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം. 2000 പേർക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടമുണ്ടെങ്കിലും വൃത്തിയാക്കലും മറ്റുസൗകര്യങ്ങളും പരിഗണിച്ച് പകുതിയോളം പേർക്കാണ് ഒരുമിച്ച് ഭക്ഷണം നൽകുന്നത്. രാവിലെ ആറരമണി മുതൽ ഉച്ചയ്ക്ക് 11.30 വരെ പ്രഭാതഭക്ഷണവും, ഉച്ചയ്ക്കു 12 മണി മുതൽ 3.30 വരെ ഉച്ചഭക്ഷണവും വൈകിട്ട് 6.30 മുതൽ രാത്രി 12.00 മണിവരെ രാത്രിഭക്ഷണവും വിതരണം ചെയ്യും. ഭക്ഷണത്തിന്റെ ലഭ്യത അനുസരിച്ച് ചിലപ്പോൾ ഉച്ചഭക്ഷണം വൈകിട്ടു നാലരവരെയും അത്താഴം രാത്രി ഒരുമണിവരെയും നീളാറുണ്ടെന്ന് അന്നദാനം സ്‌പെഷൽ ഓഫീസർ ബി. ദിലീപ്കുമാർ പറഞ്ഞു.