നാസ സുനിതയ്ക്ക് എന്ത് നൽകും.. സുനിത വില്യംസിന്‍റെ ശമ്പളം എത്രയെന്നോ?…
അപ്രതീക്ഷിതമായി നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സഹയാത്രികന്‍ ബുച്ച് വിൽമോറിനൊപ്പം ഭൂമിയിലേക്ക് തിരികെവരാൻ ഒരുങ്ങുകയാണ് സുനിത വില്യംസ്.ഇവരെ തിരിച്ചെത്തിക്കാനായി ഭൂമിയില്‍ നിന്ന് പുറപ്പെട്ട സംഘം പേടകത്തിന് അകത്ത് പ്രവേശിക്കുന്നതിന്റെയും ആഹ്ലാദം പങ്കിടുന്നതിന്റെയും വീഡിയോ നാസ പുറത്തുവിട്ടിരുന്നു. യുഎസ് നാവികസേന ഉദ്യോഗസ്ഥയും പരിചയസമ്പന്നയായ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ബഹിരാകാശ പര്യവേഷണത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.ഇന്ന് നാസയിലെ ഏറ്റവും പ്രഗത്ഭരായ ബഹിരാകാശയാത്രികരിൽ ഒരാളായി സുനിതയുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇത്രയും മികച്ച ഒരു കരിയർ ഉള്ളതിനാൽ, സുനിത വില്യംസിനെ സംബന്ധിച്ച് ഒരു കാര്യത്തിൽ പലരും ആശ്ചര്യപ്പെടുന്നുണ്ടാകും. സുനിത വില്യംസിന് എത്ര ശമ്പളം കിട്ടുന്നു എന്ന കാര്യമാണ് അത്. ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുന്നുണ്ട്.അത് എന്തൊക്കെയെന്നോ..
യുഎസ് സർക്കാരിന്‍റെ ശമ്പള സ്കെയിലുകൾ അനുസരിച്ച്, നാസ ബഹിരാകാശ യാത്രികർക്ക് എക്സ്‍പീരിയൻസിന്‍റെയും റാങ്കിന്‍റെയും അടിസ്ഥാനത്തിലാണ് ശമ്പളം നൽകുന്നത് എന്നാണ് റിപ്പോര്‍ട്ട്. നാസയുടെ കീഴിൽ ജോലി ചെയ്യുന്ന ബഹിരാകാശ യാത്രികർക്ക് സാധാരണയായി GS 12 മുതൽ GS 15 വരെയുള്ള ഗ്രേഡ് പ്രകാരമാണ് ശമ്പളം ലഭിക്കുന്നത്. ജിഎസ് 12 ഗ്രേഡ് ബഹിരാകാശയാത്രികരുടെ അടിസ്ഥാന ശമ്പളം ഏകദേശം 66,167 ഡോളറാണ്. ഇത് ഏകദേശം പ്രതിവർഷം 55 ലക്ഷം ഇന്ത്യൻ രൂപയോളം വരും. പരിചയസമ്പന്നരായ ബഹിരാകാശയാത്രികർ GS 13 അല്ലെങ്കിൽ GS 14 വിഭാഗത്തിൽ ഉൾപ്പെടുന്നു. അവരുടെ ശമ്പളം ഏകദേശം 90,000 ഡോളർ മുതൽ 140,000 ഡോളർ വരെയാകാം അതായത് പ്രതിവർഷം ഏകദേശം 75 ലക്ഷം മുതൽ 1.1 കോടി ഇന്ത്യൻ രൂപ വരെ.
സുനിത വില്യംസിന്‍റെ അനുഭവപരിചയവും സ്ഥാനവും പരിഗണിക്കുമ്പോൾ, അവരുടെ ശമ്പളം GS 14 അല്ലെങ്കിൽ GS 15 ഗ്രേഡ് പ്രകാരമായിരിക്കുമെന്ന് കണക്കാക്കാം. അവരുടെ വാർഷിക ശമ്പളം ഏകദേശം 152,258 ഡോളർ അതായത് 1.26 കോടി രൂപ ആണെന്ന് നിരവധി വാർത്താ റിപ്പോർട്ടുകൾ പറയുന്നു. ശമ്പളത്തിന് പുറമേ, നാസയിലെ ബഹിരാകാശയാത്രികർക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ്, അഡ്വാൻസ്‍ഡ് മിഷൻ പരിശീലനം, മാനസിക പിന്തുണ, യാത്രാ അലവൻസുകൾ എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു.