പ്രശ്നക്കാരനാണോ മുട്ട ?.. ഒരു ദിവസം എത്ര മുട്ട കഴിക്കാം…

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നതില്‍ ദിവസവും മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ഉയര്‍ന്ന നിലവാരമുള്ള വിറ്റാമിന്‍, പ്രോട്ടീന്‍, അവശ്യമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. ഒരു വലിയ മുട്ടയില്‍ ഏകദേശം 6 ഗ്രാം പ്രോട്ടീന്‍, ബി 12, വിറ്റാമിന്‍ ഡി, റൈബോഫ്‌ലേവിന്‍ തുടങ്ങിയ പ്രധാന വിറ്റാമിനുകള്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ ആരോഗ്യകരമായ കൊഴുപ്പുകള്‍, സെലിനിയം പോലുള്ള ധാതുക്കളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ആരോഗ്യത്തിനും നിര്‍ണായകമായ ഒരു പോഷകമായ കോളിന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്ന് കൂടിയാണ് മുട്ട.എന്നാല്‍ ഒരു ദിവസം എത്ര മുട്ട വരെ ഒരാള്‍ക്ക് കഴിക്കാന്‍ സാധിക്കും ? മുട്ടയുടെ എണ്ണം കൂടിയാല്‍ അത് ശരീരത്തിന് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുമോ ?

ആരോഗ്യമുള്ള ഒരാൾക്ക് പ്രതിദിനം 1-2 മുട്ടകള്‍ വരെ കഴിക്കുന്നത് സുരക്ഷിതവും ആരോഗ്യകരവുമാണ്. മിതമായി മുട്ട കഴിക്കുന്നത് ആളുകളിൾ ഹൃദ്രോഗ സാധ്യത കാര്യമായി വര്‍ദ്ധിപ്പിക്കുന്നില്ലായെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുട്ടയിൽ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ടെങ്കിലും കുറഞ്ഞ സ്വാധീനമാണ് ഇതിന് രക്തത്തിലെ കൊളസ്‌ട്രോളിന് മേലുള്ളത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഫലങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ പ്രമേഹമോ ഉള്ളവർ മുട്ട കഴിക്കുന്നതിൽ ജാഗ്രത പാലിക്കണം. ആഴ്ചയിൽ 3-4 മുട്ടയുടെ മഞ്ഞക്കരു മാത്രമെ ഇവർ കഴിക്കാൻ പാടുള്ളൂ. മഞ്ഞക്കരുവിലെ കൊളസ്ട്രോൾ ചില ആരോഗ്യ അവസ്ഥകളെ കൂടുതൽ വഷളാക്കിയേക്കാം.

കായികതാരങ്ങൾ, ബോഡി ബിൽഡർമാർ എന്നിങ്ങനെ തീവ്രമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്ക്, മുട്ട പ്രോട്ടീൻ ലഭിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പലരും പതിവ് എണ്ണത്തിൽ കൂടുതൽ മുട്ട കഴിച്ചേക്കാം. പക്ഷേ ഇതിനൊപ്പം മറ്റ് പ്രോട്ടീൻ സ്രോതസ്സുകളുമായി മുട്ടയുടെ ഉപഭോഗം സന്തുലിതമാക്കേണ്ടത് പ്രധാനമാണ്.

കുട്ടികൾക്കും ഗർഭിണികൾക്കും മുട്ട പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. ഇത് വളർച്ചയ്ക്കും വികാസത്തിനും അനുയോജ്യമാണ്. പക്ഷേ ഇവിടയും മിതത്വം വളരെ പ്രധാനമാണ്. മിക്കവർക്കും പ്രതിദിനം 1-2 മുട്ടകൾ കഴിക്കുന്നത് ആരോഗ്യകരമാണ്. എന്നാലും പ്രത്യേക ആരോഗ്യ സ്ഥിതികളോ ആശങ്കയോ ഉള്ളവർ വ്യക്തിഗത ഉപദേശത്തിനായി ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കേണ്ടതുണ്ട്.

Related Articles

Back to top button