നേമത്തെ ഭൂരിപക്ഷം 3949, എസ്‌ഐആറില്‍ കുറഞ്ഞത് 38,063 വോട്ട്; മണ്ഡലങ്ങളില്‍ മുന്നണികള്‍ക്ക് ചങ്കിടിപ്പ്

എസ്‌ഐആര്‍ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ 95 മണ്ഡലങ്ങളിലാണ് വോട്ട് കുറഞ്ഞത്. വോട്ട് കൂടിയതാകട്ടെ 45 മണ്ഡലങ്ങളിലും. എന്നാല്‍, മുന്നണികളുടെ ചങ്കിടിപ്പേറ്റുന്നത് കുറഞ്ഞ ഭൂരിപക്ഷം വിധിനിര്‍ണയിച്ച മണ്ഡലങ്ങളില്‍ ഇത്തവണയുണ്ടായ വോട്ടുവ്യത്യാസമാണ്. ഇതോടൊപ്പം, തിരുവനന്തപുരത്തെ മണ്ഡലങ്ങളിലുണ്ടായ വോട്ടുകുറവും തെരഞ്ഞെടുപ്പ് ചിത്രത്തെ സ്വാധീനിക്കും. ഏറ്റവും കൂടുതല്‍ വോട്ട് കുറഞ്ഞ നാല് മണ്ഡലങ്ങളും തിരുവനന്തപുരത്താണ്. സംസ്ഥാനത്താകെ 8.97 ലക്ഷം വോട്ടുകള്‍ കുറഞ്ഞപ്പോള്‍ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം എന്നീ നാല് മണ്ഡലങ്ങളില്‍ മാത്രം കുറഞ്ഞത് 1.61 ലക്ഷം വോട്ടര്‍മാരാണ്. ബിജെപിക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ നിന്നാണ് ഇത്രയേറെ വോട്ടുകള്‍ കുറഞ്ഞത്. ഇത് തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. നേമവും വട്ടിയൂര്‍ക്കാവും തിരുവനന്തപുരവും ബിജെപി വിജയം പ്രതീക്ഷിക്കുന്ന എ ക്ലാസ് മണ്ഡലങ്ങളാണ്.

* തിരുവനന്തപുരം മണ്ഡലത്തില്‍ 47,647 വോട്ടര്‍മാര്‍ കുറഞ്ഞു

* വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 42,580 പേര്‍ കുറഞ്ഞു.

* നേമം മണ്ഡലത്തില്‍ 38,063 വോട്ടര്‍മാര്‍ കുറഞ്ഞു.

* കഴക്കൂട്ടം മണ്ഡലത്തില്‍ 32,769 വോട്ടര്‍മാര്‍ കുറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ നാല് മണ്ഡലങ്ങളിലും പാറശ്ശാലയിലും ഒഴികെ മറ്റിടങ്ങളിലെല്ലാം 25,000ല്‍ താഴെയാണ് വോട്ടുകുറവ്. നേമത്ത് 2021ല്‍ വി. ശിവന്‍കുട്ടി 3949 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇക്കുറി 38,063 വോട്ടര്‍മാരുടെ കുറവ് ജനവിധിയെ തന്നെ സ്വാധീനിക്കാനിടയുണ്ട്. തിരുവനന്തപുരത്ത് 2021ല്‍ ആന്റണി രാജു 7089 വോട്ടിനാണ് വിജയിച്ചത്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ 23,497 വോട്ടിനും വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത് 21,515 വോട്ടിനുമാണ് ജയിച്ചത്.

ഇരുപതിനായിരത്തിന് മുകളില്‍ വോട്ട് കുറഞ്ഞ മറ്റ് മണ്ഡലങ്ങള്‍

എറണാകുളം – 32,399
തൃക്കാക്കര – 28,286
ദേവികുളം – 27,442
തൃപ്പൂണിത്തുറ -27,036
ഒല്ലൂര്‍ – 25,657
പാറശ്ശാല -25,614
പീരുമേട് – 23,934
തൃശൂര്‍ – 23,872

തൃപ്പൂണിത്തുറയില്‍ കെ. ബാബു 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021ല്‍ ജയിച്ചത്. ഇത്തവണ 27,036 വോട്ടുകള്‍ കുറഞ്ഞത് ജയപരാജയത്തെ സ്വാധീനിക്കുന്നതാണ്. ദേവികുളത്ത് എ. രാജ 7848 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിടത്താണ് ഇപ്പോള്‍ 27,442 വോട്ടുകള്‍ കുറഞ്ഞിരിക്കുന്നത്. പീരുമേട് സിപിഐയിലെ വാഴൂര്‍ സോമന്‍ 1835 വോട്ടിന് ജയിച്ചിടത്ത് ഇത്തവണ കുറഞ്ഞത് 23,934 വോട്ടുകളാണ്. തൃശൂരില്‍ സിപിഐയിലെ പി. ബാലചന്ദ്രന്‍ 946 വോട്ടിന് ജയിച്ചിടത്ത് കുറഞ്ഞത് 23,872 വോട്ടുകളാണ്. ഇത്തരത്തില്‍, കഴിഞ്ഞ തവണ ഭൂരിപക്ഷമായി ലഭിച്ച വോട്ടുകളേക്കാള്‍ വളരെയേറെ വോട്ടുകള്‍ എസ്ഐആറില്‍ ഇല്ലാതായ മണ്ഡലങ്ങളുണ്ട്.

വോട്ട് കുറഞ്ഞത് എറെയും തെക്കന്‍ ജില്ലകളിലാണ്. കൊല്ലം-11, എറണാകുളം-14, തൃശൂര്‍-12, കോട്ടയം-ഒന്‍പത്, ആലപ്പുഴ-ഒന്‍പത്, പാലക്കാട്-എട്ട്, കോഴിക്കോട്-6, ഇടുക്കി-അഞ്ച്, പത്തനംതിട്ട-അഞ്ച്, വയനാട്-ഒന്ന്, കണ്ണൂര്‍-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വോട്ട് കുറഞ്ഞ മണ്ഡലങ്ങളുടെ എണ്ണം.

വോട്ട് കൂടിയ മണ്ഡലങ്ങളിലേറെയും വടക്കന്‍ ജില്ലകളിലാണ്. വോട്ടര്‍മാരുടെ എണ്ണം കൂടിയ 45 മണ്ഡലങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ മലപ്പുറം ജില്ലയിലെ വേങ്ങരയാണ്. 19,297 വോട്ടര്‍മാരാണ് ഇവിടെ വര്‍ധിച്ചത്. ജില്ലയിലെ തന്നെ തിരൂരാണ് രണ്ടാമത്. ഇവിടെ 18,639 പേര്‍ വര്‍ധിച്ചു. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ എണ്ണം ഉയര്‍ന്നു.കണ്ണൂര്‍-10, കോഴിക്കോട്-ഏഴ്, കാസര്‍കോട്-അഞ്ച്, പാലക്കാട്-നാല്, വയനാട്-രണ്ട്, തൃശൂര്‍-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ എണ്ണം കൂടിയ മണ്ഡലങ്ങള്‍.

പതിനായിരത്തിന് മുകളില്‍ വോട്ട് കൂടിയ മണ്ഡലങ്ങള്‍

വേങ്ങര – 19,797
തിരൂര്‍ – 18,639
കോട്ടയ്ക്കല്‍ -17,430
മലപ്പുറം – 16,360
തിരൂരങ്ങാടി – 16,303
കൊണ്ടോട്ടി – 14,481
വള്ളിക്കുന്ന് – 13,743
താനൂര്‍ – 13,182
ഏറനാട് – 12,887
മഞ്ചേരി – 12,596
മങ്കട – 12,325
പെരിന്തല്‍മണ്ണ – 11,450
കൊടുവള്ളി – 11,043
വണ്ടൂര്‍ – 10,426

Related Articles

Back to top button