​സോണിയഗാന്ധിയെ  പോറ്റി എങ്ങനെ നേരിൽ കണ്ടു?  സോണിയ, ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം ആയുധമാക്കാൻ സിപിഎം, തിരിച്ചടിച്ച് കോൺഗ്രസ്

ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കോൺഗ്രസിനെതിരെ തുടർന്നും രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം. തന്ത്രപ്രധാനമായ സുരക്ഷയുള്ള സോണിയ ഗാന്ധിയെ പോറ്റി എങ്ങനെ നേരിൽ കണ്ടുവെന്നും ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ കോൺഗ്രസ് വ്യക്തമാക്കണമെന്നുമാണ് സിപിഎം മുന്നോട്ട് വെക്കുന്ന ആവശ്യം. ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധനൊപ്പമാണ് പോറ്റി സോണിയ ഗാന്ധിയെ കണ്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഇവരുടെ സന്ദർശനത്തിന് പിന്നിൽ അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്നും സിപിഎം ആരോപിക്കുന്നു. തിരക്കേറിയ പൊതുവേദികളിൽ ആർക്കും പകർത്തിയെടുക്കാവുന്ന ചിത്രങ്ങളല്ല സോണിയ ഗാന്ധിയുടേതെന്നും, അവരുടെ വസതിയിൽ വെച്ച് നടന്ന സ്വകാര്യ കൂടിക്കാഴ്ചയാണിതെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം പഴയ ചിത്രങ്ങൾ കുത്തിപ്പൊക്കുന്നതെന്നാണ് കോൺഗ്രസിന്റെ വാദം.

Related Articles

Back to top button