അസം മുഖ്യമന്ത്രിക്കെതിരെ വിമർശനം; വംശഹത്യാ ആഹ്വാനം നടത്തുന്ന ഒരാൾ എങ്ങനെ ഒരു സംസ്ഥാനത്തെ നയിമെന്ന് പിണറായി വിജയൻ

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുസ്ലിം വംശഹത്യയ്ക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ച നടപടി മതനിരപേക്ഷ സമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസം ബിജെപിയുടെ ഒഫീഷ്യൽ ഹാൻഡിലിൽ നിന്നാണ് ഹിമന്ത ബിശ്വ ശർമ്മ പോയിന്റ് ബ്ലാങ്കിൽ മുസ്ലിങ്ങൾക്കുനേരെ വെടിയുതിർക്കുന്ന വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. അസമിലെ മിയാ മുസ്ലിങ്ങൾക്കെതിരെ ഹിമന്ത ബിശ്വ ശർമ്മ തുടർച്ചയായി നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളും , പരാമർശങ്ങളും ബിജെപിയുടെ മനുഷ്യത്വവിരുദ്ധ വിഭജന രാഷ്ട്രീയത്തെയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.
തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുന്ന അസമിൽ ഭൂരിപക്ഷ വോട്ടുകൾ ലാക്കാക്കിയാണ് ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ഭരണഘടനയെ വെല്ലുവിളിച്ച് ഇങ്ങനെ വർഗീയത വിളമ്പുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ വംശഹത്യ ആഹ്വാനം നടത്തുന്ന ഒരാൾ എങ്ങനെയാണ് മതനിരപേക്ഷ രാഷ്ട്രത്തിൽ ഒരു സംസ്ഥാനത്തെ നയിക്കുകയെന്നും പിണറായി വിജയൻ ചോദിക്കുന്നു. അസം മുഖ്യമന്ത്രിയെ തിരുത്താൻ ഇതുവരെ ബിജെപിയുടെ ദേശീയ നേതൃത്വം തയ്യാറായിട്ടില്ല. അവർ പുറത്തു പറയാൻ മടിക്കുന്ന കാര്യം ഹിമന്ത ബിശ്വ ശർമ്മ തുറന്നു പറഞ്ഞു എന്നതാണ് വസ്തുത. മിയാ മുസ്‌ലിങ്ങളെ ബുദ്ധിമുട്ടിക്കലാണ് തന്റെ ജോലിയെന്നും അവരെ സമ്മർദ്ദത്തിലാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും പറയുന്ന അസം മുഖ്യമന്ത്രിയെ നിലയ്ക്കു നിർത്താൻ ആർഎസ്എസ്സിനാൽ നയിക്കപ്പെടുന്ന ബിജെപിക്ക് താല്പര്യമോ, ത്രാണിയോ ഇല്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
കോൺഗ്രസ് ബിജെപിക്കു സംഭാവന ചെയ്ത നേതാവാണ് ഹിമന്ത ബിശ്വ ശർമ്മ. ഒരുകാലത്ത് അസം കോൺഗ്രസ് പാർട്ടിയുടെ മുഖവും സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയുമായിരുന്നു. 2015-ൽ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന ശേഷം വടക്കു കിഴക്കൻ ഇന്ത്യയിലെ ബിജെപിയുടെ എല്ലാ വർഗ്ഗീയ നീക്കങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ഇദ്ദേഹമാണ്. മുഖ്യമന്ത്രി പദവിയിലിരുന്നു കൊണ്ട് മുസ്ലിം ന്യൂനപക്ഷങ്ങളെ നിരന്തരം അപരവൽക്കരിക്കുന്ന പ്രസ്താവനകൾ നടത്തുന്ന ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തത്, ബിജെപിയുടെ മനസ്സിലിരിപ്പാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു.




