വയലിൽ കഴുത്തറുത്ത നിലയിൽ 70കാര​ന്റെ മൃതദേഹം…രണ്ടുമാസത്തിന് ശേഷം കേസ് അവസാനിപ്പിക്കാനൊരുങ്ങവെ ഒരു പേപ്പർ കഷ്ണം തുമ്പായി

നീണ്ട രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിൽ തെളിവുകളില്ലാതെ കൊലപാതകക്കേസ് അവസാനിപ്പിക്കാനൊരുങ്ങവെ സംഭവ സ്ഥലത്ത് ചെറിയൊരു പേപ്പർ കഷ്ണം. പിന്നാലെ അനന്തരവനും ചെറുമകനും പിടിയിൽ. വയലില്‍ കഴുത്തറുത്ത് നിലയിൽ 70കാര​ന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് രണ്ട് മാസത്തിന് ശേഷം പ്രതികൾ പിടിയിലായത്. ഗ്രാമവാസികളാണ് ശിവനാരായണൻ കൗരവിന്‍റെ മൃതദേഹം ആദ്യം കാണുന്നത്. എന്നാല്‍ സംഭവത്തിന് ദൃക് സാക്ഷികളോ കൊലപാതകം നടത്തിയതിന് തെളിവുകളോ ഒന്നും അവശേഷിച്ചിരുന്നില്ല. ഇത് പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു.

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ നടന്ന കൊലപാതകത്തില്‍ രണ്ടുമാസത്തോളം ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഏതാണ്ട് കേസ് അവസാനിപ്പിക്കാമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ചെറിയൊരു പേപ്പര്‍ കഷ്ണം കേസിലെ സുപ്രധാന വഴിത്തിരിവായത്.

സംഭവത്തില്‍ കൊല്ലപ്പെട്ട ശിവനാരായണന്റെ അനന്തരവൻ ശിവരതൻ കൗരവ്, ചെറുമകൻ മഹേന്ദ്ര കൗരവ്, ഗ്രാമീണനായ ബദാം സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും ഇരുമ്പ് വടിയും പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

സ്വത്തുമായ ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പ്രവീൺ ത്രിപാഠി പറയുന്നു. ശിവനാരായണന്റെ സഹോദരിയുടെ ഭർത്താവ് ഭാര്യയുടെ വിഹിതം ആവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കോടതിയില്‍ ശിവരാമന്‍ സഹോദരിയുടെ നിയമപരമായ അവകാശവാദത്തെ പിന്തുണച്ചു. എന്നാല്‍ ശിവരാമന്‍റെ അനന്തരവൻ ശിവരതനും ചെറുമകൻ മഹേന്ദ്രയും ഈ ഭൂമി കൈവശപ്പെടുത്തിയിരുന്നു. ശിവരാമന്‍ കോടതിയില്‍ സഹോദരിക്ക് അനുകൂലമായി പറഞ്ഞത് ഇവരെ ചൊടിപ്പിച്ചു. ഇരുവരും ശിവരാമനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തു. ഗ്രാമവാസിയായ ബദാം സിങ്ങിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്.

നവംബർ 15 ന് രാത്രിയിൽ, ശിവനാരായണൻ തന്റെ വയലിൽ വിളകൾക്ക് കാവലിരിക്കുകയായിരുന്നു. ഈ സമയത്ത് പ്രതികള്‍ എത്തുകയും മഴു ഉപയോഗിച്ച് കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ അയാൾ മരിച്ചു. തെളിവുകളൊന്നും അവശേഷിക്കാതെ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. രാവിലെ ഗ്രാമം ഉണർന്നത് ഞെട്ടിപ്പിക്കുന്ന കൊലപാതകം കണ്ടുകൊണ്ടായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ, മൃതദേഹത്തിന് സമീപം ഒരു ചെറിയ, കീറിയ കടലാസ് കഷണം അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിരുന്നു. ഇതില്‍ എഴുതിയതൊന്നും വായിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. ആദ്യം അത് ഉപേക്ഷിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ അതെടുത്ത് സൂക്ഷിച്ചു. പിന്നീടാണ് സ്നിഫർ നായയെ കടലാസ് മണപ്പിക്കാന്‍ തീരുമാനിച്ചത്. കടലാസ് കഷ്ണം മണത്ത നായ ആദ്യം ഓടിയത് ബദാം സിങ്ങിന്റെ വീട്ടിലേക്കാണ്.തുടക്കത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ഇയാള്‍ ശ്രമിച്ചു.പക്ഷേ തുടർച്ചയായ ചോദ്യം ചെയ്യലില്‍ പിടിച്ചിനില്‍ക്കാന്‍ ബദാം സിങ്ങിനായില്ല. നടന്നതെല്ലാം ഇയാള്‍ പൊലീസിനോട് പറഞ്ഞു.

തെളിവുകൾ നിരത്തിയപ്പോള്‍ ശിവരതനും മഹേന്ദ്രയും കുറ്റസമ്മതം നടത്തി. അവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തത്. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button