രാവിലെ ഉണ്ടാക്കിയ സാമ്പാർ വൈകീട്ട് വീണ്ടും കഴിച്ചു.. മനോവിഷമത്തിൽ യുവതി ജീവനൊടുക്കി…
രാവിലെ ഉണ്ടാക്കിയ സാമ്പാർ വൈകീട്ട് വീണ്ടും കഴിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ വീട്ടമ്മയായ യുവതി ജീവനൊടുക്കി. ബംഗളൂരു നഗരപ്രാന്തത്തിന് സമീപം ദേവനഹള്ളിയിൽ 38കാരിയായ നാഗരത്നയാണ് ആത്മഹത്യ ചെയ്തത്. നിസ്സാര കാര്യങ്ങളിൽ അമിതമായി വേവലാതി അനുഭവപ്പെടുന്ന സ്വഭാവമുള്ളയാളാണ് തന്റെ ഭാര്യയെന്ന് നാഗരത്നയുടെ ഭർത്താവ് വെളിപ്പെടുത്തി.
ടൈലറായി ജോലി ചെയ്യുന്ന നാഗരത്ന രാവിലെ ഭക്ഷണം കഴിച്ച ശേഷം ജോലിക്ക് പോയതായിരുന്നു. വൈകീട്ട് തിരിച്ചുവന്ന ശേഷവും അതേ ഭക്ഷണം കഴിച്ചു. പിന്നീട് ഇതേ കുറിച്ച് ആലോചിച്ച് വിഷമിക്കാൻ തുടങ്ങി. പകരം വേറെ ഭക്ഷണം വാങ്ങിച്ചുകഴിക്കാമെന്ന് ഭർത്താവ് ആശ്വസിപ്പിച്ചെങ്കിലും നാഗരത്ന സമ്മതിച്ചില്ല. രാത്രി 8.30ഓടെ കുളിമുറിയിൽ കയറി വാതിലടച്ച നാഗരത്നയെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാതിരുന്നതുകൊണ്ട് ഭർത്താവ് ബലം പ്രയോഗിച്ച് വാതിൽതുറന്നപ്പോൾ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.