വയോധികയെ ഊൺമേശയിൽ കെട്ടിയിട്ട് മോഷണം; വീട്ടമ്മ അറസ്റ്റിൽ

രാജകുമാരി പഞ്ചായത്തിലെ നടുമറ്റത്ത് പട്ടാപ്പകൽ മേഷ്ടാക്കൾ വീട്ടിൽ കയറി വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. കൊല്ലം അഞ്ചുതെങ്ങ് സ്വദേശി തെരുവത്ത് ബനാൻസിൻ്റെ ഭാര്യ സോണിയ എന്ന് വിളിക്കുന്ന സരോജയാണ് രാജാക്കാട് പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിൽ കവർച്ച നടന്നത്. രാവിലെ ഒൻപതരയോടെ ടോമിയുടെ അമ്മ എൺപതുകാരിയായ മറിയക്കുട്ടി മാത്രമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. രണ്ട് സ്ത്രീകൾ ഉൾപ്പെടുന്ന മൂന്നംഗ സംഘമാണ് വീട്ടിലെത്തിയത്.

കുടിക്കാൻ വെള്ള ചോദിച്ചെത്തിയ സംഘം വീട്ടിനുള്ളിൽ കടന്ന് മറിയക്കുട്ടിയെ ഊൺ മേശയിൽ കെട്ടിയിട്ടു. മറിയക്കുട്ടിയുടെ വിരലിലുണ്ടായിരുന്ന 4 ഗ്രാം തൂക്കം വരുന്ന 3 മോതിരങ്ങൾ ഊരിയെടുക്കുകയും അലമാര തുറന്ന് അതിലുണ്ടായിരുന്ന 3000 രൂപയും കവർന്നു. സംഭവത്തിൽ രാജാക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാൾ പിടിയിലായത്. കോട്ടയം മണർകാട്ടുള്ള വാടക വീട്ടിൽ നിന്നാണ് പൊലീസ് സരോജയെ കസ്റ്റഡിയിലെടുത്തത്. കൂടെയുണ്ടായിരുന്ന രണ്ട് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. പിടിയിലായ സരോജയുടെ പേരിൽ പാമ്പാടി പൊലീസ് സ്റ്റേഷനിൽ ഒൻപത് കേസുകൾ നിലവിലുണ്ട്. പ്രതികളിലൊരാൾ വാഴൂർ ചാമംപതാൽ സ്വദേശിയായ അൽത്താഫ് എന്നയാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പിടിയിലായ സരോജ പൊലീസിൻറെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Related Articles

Back to top button