പാത്രങ്ങള്‍ കഴുകുന്നതിനിടെ ജനാലയുടെ ഗ്രില്ലിനിടയിലൂടെ…വീട്ടമ്മയുടേയും രണ്ടു വയസുകാരിയുടേയും മുഖത്തേയ്ക്ക്….

വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പേരാമ്പ്ര പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി പത്തരയോടെ സംഭവം നടന്നത്. ഷുക്കൂറിന്റെ ഭാര്യ റമീസയുടെയും മകളുടെയും കണ്ണുകളിലാണ് മുളകുപൊടി വീണത്.
രാത്രി 10.30 ഓടെ റമീസ അടുക്കളയിലെ വാഷ്ബേസിനില്‍ പാത്രങ്ങള്‍ കഴുകുന്നതിനിടെ ജനാലയുടെ ഗ്രില്ലിനിടയിലൂടെ ആരോ മുളകുപൊടി വലിച്ചെറിയുകയായിരുന്നു. റമീസയ്ക്കൊപ്പം അടുത്തുണ്ടായിരുന്ന രണ്ട് വയസ്സുകാരിയുടെ മുഖത്തും മുളകുപൊടി വീണു. കണ്ണിന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും നിലവിളിച്ചതോടെ പരിസരത്തെ കടയില്‍ കച്ചവടം നടത്തുകയായിരുന്ന ഷുക്കൂറും നാട്ടുകാരും ഓടിയെത്തി. ഉടന്‍ തന്നെ കണ്ണുകള്‍ സോപ്പുപയോഗിച്ച് കഴുകി പ്രാഥമിക ശുശ്രൂഷ നല്കി. സംഭവസമയത്ത് ഇവരുടെ പ്രായമായ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
റമീസയും മകളും സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരുന്നു. ഇവരെ അപായപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യാനായിരുന്നു അക്രമികളുടെ പദ്ധതിയെന്നാണ് സംശയിക്കുന്നത്. സംഭവമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.



