ഉറക്കം ഉണർന്നപ്പോൾ കൺപോളകൾ ഒട്ടിയ നിലയിൽ.. ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ചു..
എട്ട് വിദ്യാർഥികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ചു. ഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിലാണ് പശ ഒഴിച്ചത്. സംഭവത്തെ തുടർന്ന് എട്ട് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ഉറക്കം ഉണർന്നപ്പോൾ അവരുടെ കൺപോളകൾ ഒട്ടിയ നിലയിലായിരുന്നു. തുടർന്ന് കുട്ടികൾ കരയാൻ തുടങ്ങിയപ്പോളാണ് സംഭവം പുറത്തറിയുന്നത്. കുട്ടികൾ ഇപ്പോൾ ചികിത്സയിലാണ്. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ ഒരു സ്‌കൂൾ ഹോസ്റ്റലിലാണ് സംഭവം നടന്നത്. ഞെട്ടിക്കുന്ന ഈ കേസിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
കാന്ധമാൽ ജില്ലയിലെ സലാഗുഡയിലുള്ള സേവാശ്രമം സ്‌കൂളിലെ കുട്ടികൾക്കാണ് ഈ അനുഭവം ഉണ്ടായത്. മൂന്ന്, നാല്,അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളുടെ കണ്ണിലാണ് പശ ഒഴിച്ചത്. കുട്ടികളെല്ലാവരും ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. വേദനയും അസ്വസ്ഥതയും മൂലം കുട്ടികൾ ഞെട്ടിയുണർന്നപ്പോൾ കൺപോളകൾ ഒട്ടിയിരിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ ഹോസ്റ്റൽ അധികൃതർ അവരെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് കൂടുതൽ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അടഞ്ഞു കിടക്കുന്ന കണ്ണുകളുമായി കരയുന്ന കുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവരുടെ ഒട്ടിപ്പിടിച്ച കൺപോളകൾ ഡോക്ടർമാർ വേർപെടുത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. കണ്ണുകളിൽ പശ ഒഴിക്കുന്നത് മൂലം കാഴ്ച ശക്തി തകരാറിലാകുന്നതടക്കം ഗുരുതരപ്രശ്നങ്ങളുണ്ടാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇവർക്ക് കൃത്യസമയത്ത് ചികിത്സ നൽകാൻ സാധിച്ചത് മൂലം അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിച്ചു.
ഒരു കുട്ടിയെ ചികിത്സക്കു ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഏഴുപേരും നിരീക്ഷണത്തിലാണ്. ആശുപത്രിയലുള്ള കുട്ടികളെ ജില്ലാ ശിശുക്ഷേമ ഓഫിസർ സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ ഉറപ്പുനൽകി. കാണ്ഡമാൽ ജില്ലാ ഭരണകൂടം സ്കൂളിലെ പ്രധാനാധ്യാപകനായ മനോരഞ്ജൻ സാഹുവിനെ അശ്രദ്ധയുടെ പേരിൽ സസ്പെൻഡ് ചെയ്തു. ഇത്തരമൊരു സംഭവം എങ്ങനെ സംഭവിച്ചു എന്നറിയാൻ ഉന്നതതല അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥികളെ പരിശോധിക്കാൻ ജില്ലാ ശിശുക്ഷേമ ഓഫീസർ ആശുപത്രി സന്ദർശിച്ചു. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.