സിപിഐ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നതിലുള്ള പ്രതികാരം; തേനീച്ച കർഷകന്റെ കൃഷിനശിപ്പിച്ചെന്ന് പരാതി

കൊല്ലത്ത് തേനീച്ച കർഷകന്‍റെ കൃഷിനശിപ്പിച്ചെന്ന് പരാതി. സിപിഐ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നതിലുള്ള പ്രതികാരത്തെ തുടർന്നാണ് ഇത്തരത്തിൽ ദ്രോഹം ചെയ്തതെന്നാണ് പരാതി. കൊല്ലത്തെ കടയ്ക്കൽ അണപ്പാട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ ഗോപകുമാറിന്‍റെ തേനീച്ച കൂടുകളാണ് അജ്ഞാതർ രാത്രിയിലെത്തി നശിപ്പിച്ചത്.

വിഷദ്രാവകം സ്പ്രേ ചെയ്ത് തേനീച്ചകളെ കൊല്ലുകയായിരുന്നുവെന്ന് ഗോപകുമാർ പറയുന്നു. സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനൊപ്പം പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നവരിൽ ഒരാളാണ് ഗോപകുമാർ. സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ എംഎൽഎ യുമായ ആർ ലതാദേവിയുടെ ചരിപ്പറമ്പിലെ കുടുംബ വീട്ടിലാണ് ഗോപകുമാർ തേനീച്ച കൃഷി ചെയ്തിരുന്നത്.

ഈ തേനീച്ചക്കൂടുകളാണ് നശിപ്പിച്ചത്. കൂടുകൾ സ്ഥാപിച്ചിട്ട് 3 വർഷത്തിലധികമായെന്നു ഗോപകുമാർ പറയുന്നു. തേനീച്ച കൂടുകളും തേനീച്ചകളെയും നശിപ്പിച്ചതിനെതിരെ കടയ്ക്കൽ പൊലീസിന് പരാതി നൽകി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇട്ടിവ പഞ്ചായത്തിലെ ചില വാർഡുകളിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം ഉൾപ്പെടെ പരാജയപ്പെട്ടിരുന്നു.

പരാജയത്തിനു പിന്നാലെ സമൂഹിക മാധ്യമങ്ങൾ വഴി പാരഡി ഗാനങ്ങളും പ്രചരിച്ചു. ഇതിൽ ഗോപകുമാറിനെയും പരാമർശിച്ചിരുന്നു. വോട്ടെടുപ്പ് ദിനത്തിൽ പാർട്ടി വിട്ട പലർക്കും പ്രദേശത്ത് ഭീഷണി കോളുകൾ എത്തുകയും ചെയ്തു. ഇതിൽ സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങൾക്കും മണ്ഡലം സെക്രട്ടേറിയേറ്റ് അംഗത്തിനും എതിരെ കടയ്ക്കൽ പൊലീസിൽ പരാതിയുമെത്തി.

കൊല്ലുമെന്നുള്ള ഭീഷണി കോളുകളാണ് മിക്കവർക്കും ലഭിച്ചത്. പിന്നാലെയണ് ഗോപകുമാറിന്‍റെ തേനീച്ച കൂടുകൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ഒരു കൂടുപോലും മിച്ചം വെക്കാതെ എല്ലാത്തിലും വിഷദ്രാവകം സ്പ്രേ ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Related Articles

Back to top button