നാളെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി
ആലപ്പുഴ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷം പ്രമാണിച്ച് നാളെ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
കരുനാഗപ്പള്ളി എംഎൽഎ സിആർ മഹേഷ്, കായംകുളം എംഎൽഎ യു പ്രതിഭ എന്നിവർ നേരത്തെ അവധി ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷം പ്രമാണിച്ച് പ്രാദേശിക അവധി നൽകണമെന്നായിരുന്നു എംഎൽഎമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും, ജില്ലാ കളക്ടർക്കും പ്രതിഭ കത്ത് നൽകി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കാർത്തികപള്ളി താലൂക്കുകളിലും, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലും പ്രാദേശിക അവധി അനുവദിക്കണമെന്ന് പ്രതിഭ കത്തിലൂടെ ആവശ്യപ്പെട്ടു.
ഈ മൂന്ന് താലൂക്കുകൾ ഉൾപ്പെട്ട 52 കരകളിലെ നിരവധി നന്ദികേശന്മാരെ ക്ഷേത്രത്തിലേക്ക് ആനയിക്കും. ഓണാട്ടുകരയുടെ ദേശീയ ഉത്സവമാണ് ഇത്. പതിനായിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക് എത്തും. അതുകൊണ്ട് അവധി അനുവദിക്കണമെന്നാണ് എംഎൽഎ ആവശ്യപ്പെട്ടത്.
ഇതേ ആവശ്യം നിയമസഭയിൽ സബ്മിഷനിലൂടെ കരുനാഗപ്പള്ളി എംഎൽഎ സിആർ മഹേഷും ഉന്നയിച്ചു. ഇരുപത്തിയെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിമാർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കിയിരുന്നു.