സംസ്ഥാന സ്കൂൾ കലോത്സവം…ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു….
സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.
അതേസമയം, സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ജനപങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കലോത്സവത്തിൽ വിധി നിർണയത്തിലടക്കം തെറ്റായ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കും. വിധികര്‍ത്താക്കളെ വളരെ സൂക്ഷ്മതയോടെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. മുന്‍കാല കലോത്സവങ്ങളുടെ അനുഭവത്തില്‍ ചില കലാധ്യാപകരെ നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്റലിജന്‍സിന്റേയും വിജിലന്‍സിന്റെയും കൃത്യമായ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രധാന വേദിയായ എം ടി നിളയിൽ മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്തത് മുതൽ ഇതുവരെ വിവിധ മത്സരങ്ങൾ നടക്കുന്ന 25 വേദികളിലും മികച്ച പങ്കാളിത്തമാണ് കാണുന്നത്. ഉദ്ഘാടനസമ്മേളനത്തില്‍ മാത്രം 15000 പേര്‍ പങ്കെടുത്തു. തദ്ദേശീയ കലകളുടെ മത്സരം നടക്കുന്ന നിശാഗന്ധിയില്‍ നിരവധി ആസ്വാദകരെത്തി. മംഗലംകളി, പണിയനൃത്തം, മലപ്പുലയാട്ടം, ഇരുള നൃത്തം, പളിയനൃത്തം എന്നീ തദ്ദേശീയ നൃത്തരൂപങ്ങളാണു നിശാഗന്ധിയിലെ വേദിയായ കബനീ നദിയില്‍ നടന്നത്.