ഉംറ കഴിഞ്ഞ് മടങ്ങവെ പ്രായമായ മുസ്ലിം പുരുഷൻമാരുടെ തൊപ്പി അഴിച്ചുമാറ്റി.. ജയ് ശ്രീറാം വിളിപ്പിച്ച് ക്ഷേത്രത്തിൽ തൊഴാൻ നിർബന്ധിച്ച് ഹിന്ദുത്വ വാദികൾ.. ദൃശ്യങ്ങൾ പുറത്ത്..
മുസ്‌ലിം പുരുഷന്മാരുടെ തൊപ്പി അഴിച്ചുമാറ്റി ക്ഷേത്രത്തിൽ തൊഴാൻ നിർബന്ധിച്ച് ഹിന്ദുത്വ സംഘങ്ങൾ. ഇവരെ പരസ്യമായി അപമാനിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. എപ്പോഴാണ് ഈ സംഭവം നടന്നത് എന്ന് വിഡിയോയിൽ കൃത്യമായി പറയുന്നില്ല. ഉംറ കഴിഞ്ഞ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് സഹറാൻപൂരിലേക്ക് മിനി ബസിൽ യാത്ര ചെയ്യുന്ന വഴി മധ്യേയാണ് സംഭവം. യമുന ബസാറിലെ ഹനുമാൻ ക്ഷേത്രത്തിനടുത്ത് ഭക്ഷണം കഴിക്കാനായി ഇറങ്ങിയതിനു പിന്നാലെ അതിക്രമം നേരിടുകയായിരുന്നു.
പ്രായമായ മുസ്ലിം പുരുഷൻമാരുടെ തൊപ്പികൾ അഴിച്ചു മാറ്റുന്നതും ക്ഷേത്രത്തിൽ തൊഴാൻ നിർബന്ധിക്കുന്നതുമാണ് വിഡിയോയിലുള്ളത്. അവരെ ’ജയ്ശ്രീറാം’ എന്ന് വിളിപ്പിക്കാൻ നിർബന്ധിക്കുന്നതും കാണാം. തീർഥാടകരെ ബസിൽ നിന്ന് ഇറങ്ങാൻ അവർ ആദ്യം അനുവദിച്ചിരുന്നില്ല. പിന്നീടാണ് സിദ്ധാർഥ് ശർമ എന്നയാൾ ക്ഷേത്രത്തിനടുത്ത് മൂത്രമൊഴിച്ചുവെന്നാരോപിച്ച് തീർഥാടകരെ അധിക്ഷേപിക്കുന്നത്. അതിനു ശേഷമാണ് അവരുടെ തൊപ്പികൾ ഊരി മാറ്റി ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകുന്നതും ജയ് ശ്രീറാം വിളിപ്പിച്ച് തൊഴാൻ നിർബന്ധിക്കുന്നതും.
ക്ഷേത്രത്തിനു സമീപം മൂത്രമൊഴിച്ചുവെന്ന വാദം തീർഥാടകർ നിഷേധിക്കുന്നുണ്ട്. ഈ മുസ്‍ലിംകളെ തങ്ങളുടെ ക്ഷേത്രത്തിൽ തൊടാൻ അനുവദിക്കരുതെന്നും ചെരിപ്പുകൾ ഊരിവെച്ച് തറയിൽ സാംഷ്ടാംഗം നമസ്കരിപ്പിക്കണമെന്നും ഒരാൾ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്. ഇതു കേട്ടു ഭയന്ന പ്രായമായ തീർഥാടകൻ തങ്ങൾ പൊലീസിനെ വിളിക്കുമെന്ന് പറയുന്നുണ്ട്.
അതിനു ശേഷം മറ്റൊരു വിഡിയോയും പുറത്തുവന്നിരുന്നു. അതിൽ ശർമ മുസ്‍ലിം തീർഥാടകരോട് ക്ഷമ പറയുന്നതാണുള്ളത്.
”10-12 ദിവസം മുമ്പ് ക്ഷേത്രത്തിന് പുറത്ത് നടന്ന സംഭവത്തിൽ എന്റെ മുസ്‍ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുകയാണ്. എന്റെ പ്രവൃത്തികൾ ഏതെങ്കിലും മുസ്‍ലിം സഹോദരനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനും ഞാൻ ക്ഷമ ചോദിക്കുന്നു” എന്നാണ് പറയുന്നത്.
ഡൽഹിയിൽ മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ വിഡിയോ പുറത്തുവന്നത്. ഡിസ്പ്ലെ ബോർഡിൽ തന്റെ പേര് എഴുതിയതിന് ഡൽഹിയിലെ സാഗർപൂർ പ്രദേശത്തെ മുസ്‍ലിം കടയുടമയെ ഭീഷണിപ്പെടുത്തി പുറത്താക്കിയതായും റിപ്പോർട്ടുണ്ടായിരുന്നു. ഈ നടപടിയെ മനുഷ്യാവകാശ സംഘടനകൾ അപലപിക്കുകയും ഉടൻ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിഡിയോ ദൃശ്യങ്ങൾ ഡൽഹി പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല.