ബിസിനസുകാരന്റെ കൊലപാതകം.. ഹിന്ദു മഹാസഭ നേതാവ് പൂജ ശകുൻ അറസ്റ്റിൽ.. യുവാവിനെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന്…

ബിസിനസുകാരൻ കൊല്ലപ്പെട്ട കേസിൽ ഹിന്ദു മഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ അറസ്റ്റിൽ. സെപ്റ്റംബർ 26നാണ് ബൈക്ക് ഷോറൂം ഉടമയായ അഭിഷേക് ഗുപ്ത ഹാഥ്‌റസിലേക്കുള്ള ബസിൽ കയറുന്നതിനിടെ വെടിയേറ്റു കൊല്ലപ്പെട്ടത്. പൂജയുടെയും, ഭർത്താവും അഖില ഭാരതീയ ഹിന്ദു മഹാസഭ വക്താവുമായ അശോക് പാണ്ഡെയുടെയും നിർദേശപ്രകാരം വാടക കൊലയാളികളായ മുഹമ്മദ് ഫസൽ, ആസിഫ് എന്നിവർ അഭിഷേക് ഗുപ്തയെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.
പൂജയ്ക്കും ഭർത്താവിനുമെതിരെ റൊറാവർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നാണ് പൂജ അറസ്റ്റിലായത്. പൂജ ഏറെക്കാലമായി അഭിഷേകിനെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും ബന്ധം അവസാനിപ്പിച്ചതിലെ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് അഭിഷേകിന്റെ കുടുംബം ആരോപിക്കുന്നത്.
എന്നാൽ ബിസിനസുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. പൂജ ശകുൻ പാണ്ഡെയുടെ ഭർത്താവ് അശോക് പാണ്ഡെയും രണ്ട് ഷൂട്ടർമാരും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ഇവർ ജയിലിലാണ്.’മഹാമണ്ഡലേശ്വർ’ എന്ന മതപരമായ പദവി വഹിക്കുന്ന അന്നപൂർണ മാ എന്നറിയപ്പെടുന്ന പൂജ ശകുൻ പാണ്ഡെ കൊലപാതകം നടന്ന രാത്രി മുതൽ ഒളിവിലായിരുന്നു.



