തലശ്ശേരിയിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ ചെവിയിൽ ഉഗ്രവിഷമുള്ള പാമ്പ് ?…

Snake in a womens ear

ഉറങ്ങിക്കിടക്കുമ്പോള്‍ കാതിനുള്ളിൽ പാമ്പ് കയറി. അതും നമ്മുടെ തലശ്ശേരിയിൽ. ഇങ്ങനെയൊരു തലക്കെട്ടോടുകൂടിയുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോള്‍. തലശ്ശേരി സഹകരണ ആശുപത്രിക്ക് തൊട്ടടുത്ത് ഒരു സ്ത്രീ ഉച്ചയ്ക്ക് കിടന്നുറങ്ങിയപ്പോള്‍ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പ് കയറിയെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഫയര്‍ഫോഴ്സും വനംവകുപ്പ് ജീവനക്കാരുമടക്കം എത്തിയാണ് പാമ്പിനെ പുറത്തെടുത്തതെന്നും വീഡിയോക്കൊപ്പമുള്ള സന്ദേശത്തിൽ പ്രചരിച്ചിരുന്നു.

എന്നാൽ, അത്തരമൊരു സംഭവം കണ്ണൂരിൽ നടന്നിട്ടില്ലെന്നാണ് ഫയര്‍ഫോഴ്സും വനംവകുപ്പും വ്യക്തമാക്കുന്നത്. മറ്റു പല സ്ഥലങ്ങളുടെ പേരിട്ടും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ്. പലയിടത്തും പല സ്ഥലത്തിന്‍റെയും പേരിലാണ് ഇത്തരം വീഡിയോ പ്രചരിക്കുന്നതെന്ന് മാത്രം. നേരത്തെ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോള്‍ തന്നെ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഒരു കാരണവശാലും ചെവിക്കുള്ളിൽ പാമ്പിന് കയറാനാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ വ്യാജ വീഡിയോകള്‍ പുറത്തുവരുന്നതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

ഒരു മനുഷ്യന്‍റെ ഇയര്‍ കനാലിന് ഏകദേശം 2.5 സെന്‍റമീറ്റര്‍ മാത്രമാണ് നീളമാണുള്ളത്. അതിനാൽ തന്നെ നീളമുള്ള പാമ്പിനെ ഉള്‍കൊള്ളാവുന്ന നീളം ചെവിക്കില്ല. അതുപോലെ ഇത്രയും വലിയ ജീവി ചെവിക്കുള്ളിൽ പൂര്‍ണമായും കയറിയശേഷവും ഒന്നും സംഭവിക്കാത്ത പോലെ ഒരാള്‍ക്ക് നിൽക്കാനുമാവില്ലെന്നും കണ്ണൂരിലെ സ്നേക്ക് റെസ്ക്യൂവര്‍ ബിജിലേഷ് പറഞ്ഞു. ചെവിയിൽ ചെറിയ പ്രാണി കയറിയാൽ പോലും അസഹ്യവേദനയുണ്ടാകും. തലശ്ശേരിയിൽ സ്ത്രീയുടെ ചെവിയിൽ പാമ്പ് കയറിയെന്ന സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ബിജിലേഷ് പറഞ്ഞു.

Related Articles

Back to top button