കളി ജഡ്ജിമാരോട് വേണ്ട… ‘ജഡ്ജിമാര്‍ ഗുണ്ടകൾ’.. അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഹൈക്കോടതി….
ജഡ്ജിമാരോട് മോശമായി സംസാരിക്കുകയും ഗുണ്ടയെന്ന് വിളിക്കുകയും ചെയ്ത സംഭവത്തില്‍ അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഹൈക്കോടതി.ലഖ്‌നൗ സ്വദേശിയായ അഭിഭാഷകന്‍ അശോക് പാണ്ഡെയെയാണ് ആറു മാസം തടവിന് അലഹാബാദ് ഹൈക്കോടതി ശിക്ഷിച്ചത്.2021 ല്‍ ഒരു തുറന്ന കോടതിയില്‍ വെച്ചായിരുന്നു അശോക് പാണ്ഡെയുടെ മോശം പെരുമാറ്റം. പാണ്ഡെയുടെ പെരുമാറ്റം നീതിന്യായ പ്രക്രിയയെ അവജ്ഞയോടെ കാണുന്നതും സ്ഥാപനത്തിന്റെ അന്തസ്സ് തകര്‍ക്കുന്നതുമാണ്. ഗുരുതരമായ കുറ്റകൃത്യമാണ് പാണ്ഡെയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ജസ്റ്റിസുമാരായ വിവേക് ചൗധരി, ബ്രിജ് രാജ് സിങ് എന്നിവരടങ്ങിയ ബെഞ്ച് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
അശോക് പാണ്ഡെയെ മൂന്നു വര്‍ഷത്തേക്ക് അലഹാബാദ്, ലഖ്‌നൗ കോടതികളില്‍ അഭിഭാഷക ജോലി ചെയ്യുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2021 ഓഗസ്റ്റ് 18 ന് അശോക് പാണ്ഡെ വക്കീല്‍ കുപ്പായം ധരിക്കാതെ, സാധാരണ വേഷത്തില്‍ ഷര്‍ട്ടിന്റെ ബട്ടണ്‍ പോലും ഇടാതെ കോടതിയില്‍ ഹാജരായതാണ് പ്രശ്‌നത്തിന് തുടക്കം.കോടതിയുടെ മാന്യതയ്ക്ക് നിരക്കുന്ന വസ്ത്രം ധരിച്ചു വേണം വാദത്തിന് എത്താനെന്ന് കോടതി പറഞ്ഞു. വക്കീല്‍ യൂണിഫോം ധരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ നിര്‍ദേശം തള്ളിയ അശോക് പാണ്ഡെ, ജഡ്ജിമാരോട് മോശമായ വാക്കുകള്‍ പറയുകയും, അവര്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് ആരോപിക്കുകയുമായിരുന്നു.