‘കാൽവെള്ളയിൽ ചൂരൽ പ്രയോഗം, മുറിവിൽ കുരുമുളക് സ്‌പ്രേ’; ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരായ ഹർജിയിൽ…

കസ്റ്റഡി മര്‍ദനത്തില്‍ ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ എസ്എഫ്‌ഐ നേതാവ് നല്‍കിയ ഹര്‍ജിയില്‍ മറുപടി അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ മുന്‍ പ്രസിഡന്റ് കെ ജയകൃഷ്ണനാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 2012- 13ല്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന സമയം അന്ന് കോന്നി സിഐ ആയിരുന്ന മധുബാബു തന്നെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. മധുബാബുവിനും കോന്നി എസ്‌ഐ ആയിരുന്ന കെ ഗോപകുമാറിനുമെതിരെ കേസെടുക്കണമെന്നാണ് ജയകൃഷ്ണന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട് മധുബാബുവിനെതിരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അടുത്തിടെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിലൊന്നാണ് ജയകൃഷ്ണന്റേത്. 2012 ജനുവരി ആദ്യം അര്‍ധരാത്രി മധുബാബുവും ഗോപകുമാറും മറ്റു പൊലീസുകാരുമടങ്ങുന്ന സംഘം വീട്ടില്‍നിന്നു തന്നെ പിടിച്ചു കോന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് മര്‍ദിച്ചു, കാല്‍വെള്ളയില്‍ ചൂരല്‍കൊണ്ട് അടിച്ചുപൊട്ടിച്ച ശേഷം കുരുമുളക് സ്‌പ്രേ അടിച്ചു.

തുടര്‍ന്ന് ഹര്‍ജിക്കാരനെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ കേസൊന്നുമില്ലെന്ന് മനസ്സിലായതിനു പിന്നാലെ തിരിച്ച് കോന്നിയിലേക്ക് കൊണ്ടുവന്നു. പിന്നീടാണ് നേരത്തേ രജിസ്റ്റര്‍ ചെയ്തിരുന്ന ഒരു കേസില്‍ തന്നെ 12ാം പ്രതിയാക്കിയത്. തനിക്ക് മര്‍ദനമേറ്റ കാര്യം കോടതിയില്‍ ഹാജരാക്കിയ സമയത്ത് ജയകൃഷ്ണന്‍ വ്യക്തമാക്കുകയും ചയ്തിരുന്നു. അന്നു മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്റെ കോന്നിയിലെ ഓഫീസിലേക്കുള്ള മാര്‍ച്ചിനെ തുടര്‍ന്നായിരുന്നു ജയകൃഷ്ണന്റെ അറസ്റ്റ്.

മധുബാബുവിനെതിരെ അന്വേഷണമാവശ്യപ്പെട്ട് മുമ്പും പരാതികള്‍ നല്‍കിയിരുന്നെങ്കിലും ഇതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് നല്‍കിയ ഒരു പരാതിയില്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തുകയും മധുബാബു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് മധുബാബുവിനെതിരെ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Related Articles

Back to top button