‘ആദ്യം റോഡ് നന്നാക്കൂ, എന്നിട്ടാകാം ടോൾ’…

പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതിനെത്തുടർന്ന് റോഡു ഗതാഗതം താറുമാറായ കാര്യം ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം നന്നാക്കിയ സർവീസ് റോഡാണ് ഇന്നലെ തകർന്നത്. തകർന്ന റോഡ് നന്നാക്കിയിട്ട് വരൂ, എന്നിട്ടാകാം ടോൾ പിരിക്കുന്നത് എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സർവീസ് റോഡ് ഇടിഞ്ഞതിൽ എന്താണ് അടിയന്തര പരിഹാരം എന്ന് കോടതി ചോദിച്ചു. ഇടിഞ്ഞ ഭാഗത്തിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ച കോടതി, ഇതു സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർ സമർപ്പിച്ച ശേഷം ടോൾ പിരിവിൽ ഉത്തരവ് പറയാമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഏതെങ്കിലും ചെറിയ ചെറിയ പ്രശ്‌നങ്ങളുടെ പേരിൽ ടോൾ പിരിവ് തടയുന്നത് ശരിയല്ലെന്ന് ദേശീയ പാത അതോറിറ്റിയും കേന്ദ്രസർക്കാരും കോടതിയിൽ വാദിച്ചു.

റോഡിന്റെ പാർശ്വ ഭിത്തി കെട്ടാൻ കരാർ ഏറ്റെടുത്ത കമ്പനി കുഴിച്ചതുകൊണ്ടാണ് റോഡ് തകരാൻ ഇടയാക്കിയതെന്നും എൻഎച്ച്എഐ വ്യക്തമാക്കി. എന്നാൽ ഈ വാദം ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ആദ്യം റോഡ് നന്നാക്കട്ടെ, എന്നിട്ടാകാം ടോൾ എന്ന് കോടതി നിരീക്ഷിച്ചു.

ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോൾ പിരിവ് അനുവദിക്കുന്നതു സംബന്ധിച്ച് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്.

Related Articles

Back to top button