ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചു…. കുടുംബസമേതം രാഹുലിനെ കണ്ട് കെ. സുധാകരൻ

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിലെത്തിയ സുധാകരൻ കുടുംബസമേതം രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെയും കണ്ടു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.
കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ. സുധാകരനെന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു. അദ്ദേഹം ഒരു യഥാർത്ഥ പോരാളിയാണെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കേരളത്തിൽ നൂറ് സീറ്റുകൾ നേടി കോൺഗ്രസ് വൻ വിജയം കൈവരിക്കുമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് നിലപാടിനെത്തുടർന്ന് സുധാകരൻ മാറിനിൽക്കുകയായിരുന്നു. തുടക്കത്തിൽ പാർട്ടി നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും എ.കെ. ആന്റണി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ ഇടപെടലിനെത്തുടർന്ന് അദ്ദേഹം അനുനയത്തിന് തയ്യാറായി. മകൻ, മകന്റെ ഭാര്യ എന്നിവർക്കൊപ്പമാണ് സുധാകരൻ രാഹുലിനെ കാണാനെത്തിയത്. ഹൈക്കമാൻഡ് നിർദ്ദേശം പൂർണ്ണമായും അംഗീകരിച്ച് വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് അദ്ദേഹം സജീവമാകും.



