ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ; ‘പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന മന്ത്രി, കെഎസ്ആർടിസിയുടെ ഐശ്വര്യം’

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എം പി. ഗണേഷ് കുമാർ പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണെന്നും എറണാകുളം കെ എസ് ആർ ടി സി സ്റ്റാൻഡിന്റെ നവീകരണം അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. തകർന്നുപോയ ഒരു കപ്പലിനെ ശമ്പളം കൊടുക്കാവുന്ന അവസ്ഥയിലേക്ക് മാറ്റിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. കെ എസ് ആർ ടി സിയെ ആ നിലയിലേക്ക് മാറ്റിയതിൽ ഗണേഷ് കുമാറിനെ അഭിനന്ദിക്കുന്നുവെന്നും ഹൈബി വിവരിച്ചു. കെ എസ് ആർ ടി സിയുടെ ഐശ്വര്യമാണ് മന്തിയെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു. സോളാർ വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഗണേഷ് കുമാറിനെതിരെ കോൺഗ്രസ് ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടയിലെ ഹൈബിയുടെ പ്രശംസ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.



