ഇസ്രായേലിന് നേരെ 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല..നിരവധി പേർ….
ഇസ്രായേലിന് നേരെ ശക്തമായ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. ഇസ്രായേലിനെ ലക്ഷ്യമിട്ട് 90-ലധികം റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തത്.ഇസ്രായേലിന്റെ പ്രതിരോധ സംവിധാനമായ അയൺ ഡോം നിരവധി റോക്കറ്റുകളെ തടഞ്ഞെങ്കിലും തുറമുഖ നഗരമായ ഹൈഫയിൽ ഉൾപ്പെടെ വ്യാപകമായി റോക്കറ്റുകൾ പതിച്ചതായാണ് റിപ്പോർട്ട്. റോക്കറ്റാക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കുകയും പ്രദേശത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.ആക്രമണത്തിൽ ഒരു കുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട്. ഹൈഫ ബേയിലെ ജനവാസ മേഖലകളിൽ റോക്കറ്റുകൾ പതിച്ചതിനെ തുടർന്ന് നിരവധി കാറുകൾ കത്തിനശിച്ചിട്ടുണ്ട്.
ഗലീലി, കാർമിയൽ മേഖലകളെ ലക്ഷ്യമിട്ടും റോക്കറ്റാക്രമണം ഉണ്ടായി. ഗലീലി ലക്ഷ്യമിട്ടുണ്ടായ റോക്കറ്റാക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. കാർമിയലിലും സമീപ നഗരങ്ങളിലും റോക്കറ്റുകൾ പതിച്ചതായി റിപ്പോർട്ടുകളുണ്ട്.