ഇസ്രയേലിന് മറുപടി നല്കി ഹിസ്ബുള്ള..സൈനിക ക്യാംപിനു നേരെ ഡ്രോൺ ആക്രമണം..സൈനികർ കൊല്ലപ്പെട്ടു…
ഇസ്രയേലിനെ തിരിച്ചടിച്ച് ഹിസ്ബുള്ള. മധ്യ വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേലിൽ ഡ്രോൺ ആക്രമണമുണ്ടാകുന്നത്. ശനിയാഴ്ച ടെൽ അവീവിനു നേരെയും ഡ്രോൺ ആക്രമണമുണ്ടായിരുന്നു. മിസൈലുകൾ പ്രതിരോധിക്കാൻ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിനു കൈമാറുമെന്ന് യുഎസ് പ്രഖ്യാപിച്ച ദിവസമാണ് ഇസ്രയേലിനു നേർക്ക് വീണ്ടും ഡ്രോൺ ആക്രമണമുണ്ടായത്.
വ്യാഴാഴ്ച ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് സൈനിക കേന്ദ്രം ആക്രമിച്ചതെന്ന് ഹിസ്ബുള്ള പറഞ്ഞു.കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിന്റെ നേർക്കുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിത്. ലബനനിൽ നിന്ന് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അവയിലൊരെണ്ണം തകർത്തെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.