കെണിയാണ്, പണിയാകും!; അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക അറിയാം, കേരള പൊലീസ് പറയുന്നത് ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. ഈ പശ്ചാത്തലത്തിൽ എളുപ്പത്തിൽ പണം ലഭിക്കുമെന്ന വാഗ്ദാനവുമായി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലോൺ ആപ്പുകളുടെ കെണിയിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.
ആപ്പുകൾ അംഗീകൃതമാണോ എന്ന് അറിയുന്നതിനുള്ള മാർഗവും കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. www.rbi.org.in എന്ന വെബ്സൈറ്റിൽ ‘സിറ്റിസൻസ് കോർണർ’ തെരഞ്ഞെടുത്ത ശേഷം അതിന് താഴെ വരുന്ന DLA’s deployed by Regulated Entities എന്ന മെനു തുറന്നാൽ അംഗീകൃത ആപ്പുകളുടെ പട്ടിക ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. ആപ്പുകൾ ഏതു ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്, ആപ്പിന്റെ ലിങ്ക്, പരാതി പരിഹാര ഓഫീസറുടെ പേര്, ഫോൺ നമ്പർ, ഇ- മെയിൽ ഐഡി എന്നി വിവരങ്ങളും ഇതിൽ ലഭ്യമാണെന്നും കേരള പൊലീസ് വ്യക്തമാക്കി.
കുറിപ്പ്:
ലോൺ ആപ്പുകളുടെ കെണിയിൽപെടാതിരിക്കാൻ ശ്രദ്ധിക്കണേ ..
എളുപ്പത്തിൽ പണം ലഭിക്കുമെന്ന വാഗ്ദാനവുമായി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലോൺ ആപ്പുകളുടെ കെണിയിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ലോണിനായി നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ നിങ്ങളുടെ സ്വകാര്യവിവരങ്ങൾ ശേഖരിച്ചു അത് നിങ്ങൾക്കെതിരെ തന്നെ ആയുധമാക്കും.
ആപ്പുകൾ അംഗീകൃതമാണോയെന്നറിയാനും വഴിയുണ്ട്. www.rbi.org.in എന്ന വെബ്സൈറ്റിൽ ‘സിറ്റിസൻസ് കോർണർ’ തിരഞ്ഞെടുക്കുക. അതിന് താഴെ DLA’s deployed by Regulated Entities എന്ന മെനു തുറക്കുക. അംഗീകൃത ആപ്പുകളുടെ പട്ടിക കാണാം. ആപ്പുകൾ ഏതു ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്. ആപ്പിന്റെ ലിങ്ക്, പരാതിപരിഹാര ഓഫിസറുടെ പേര്, ഫോൺ നമ്പർ, ഇ മെയിൽ ഐഡി എന്നീ വിവരങ്ങളും ലഭ്യമാണ്. അംഗീകൃത ആപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അറിയിക്കാം.
ഓൺലൈൻ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ 1930 എന്ന നമ്പറിൽ അറിയിച്ചാൽ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം.



