മണ്ണിൽ ചവിട്ടുമ്പോൾ കരുതണമെന്ന ഉപദേശത്തിന് ഇതാ ഒരു തെളിവ് കൂടി,… തെങ്ങിൻതോപ്പിൽ കണ്ടെത്തിയത് ….

പാനൂർ മൂളിയാത്തോട് തെങ്ങിൻതോപ്പിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കഴിഞ്ഞ വർഷം ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി ഒരാൾ കൊല്ലപ്പെട്ട അതേ പ്രദേശത്താണ് സംഭവം. സ്ഫോടനം നടന്ന വീടിനോട് ചേർന്ന പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. മണ്ണിൽ ചവിട്ടുമ്പോൾ കണ്ണൂരിൽ കരുതണമെന്ന് ഉപദേശിക്കുന്നവർക്ക് ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം. മൂളിയാത്തോടുളള തെങ്ങിൻതോപ്പിൽ , ആളുകൾ നടന്നുപോകുന്ന വഴിയരികിലാണ് ബോംബുകൾ കണ്ടത്. രാവിലെ കാട് വെട്ടിത്തെളിക്കാൻ പറമ്പിലെത്തിയവരുടെ ശ്രദ്ധയിലാണ് ഇത് പെട്ടത്. ഉടൻ പാനൂർ പൊലീസിലറിയിച്ചു. ബോംബ് സ്ക്വാഡ് വന്ന് ഇവ നിർവീര്യമാക്കി. മുളിയാത്തോട് സ്വദേശി മനോഹരന്‍റെ പണിതു കൊണ്ടിരിക്കുന്ന വീട്ടിലാണ് കഴിഞ്ഞ വർഷം നിർമാണത്തിനിടെ ബോംബ് പൊട്ടി ഒരാൾ കൊല്ലപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ നാലിന് രാത്രിയായിരുന്നു സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത്, സിപിഎം പ്രവർത്തകർ പ്രതികളായ ഈ കേസ് വൻ വിവാദമായിരുന്നു. ആ വീട്ടിൽ നിന്ന് നൂറ് മീറ്ററിൽ താഴെ മാത്രം ദൂരത്താണ് ഇന്ന് രണ്ട് ബോംബ് കണ്ടെത്തിയ പറമ്പ്. സ്ഫോടനം നടന്നതിൻ്റെ പിറ്റേന്ന് പ്രദേശത്ത് ബോംബ് സ്ക്വാഡ് വ്യാപക തെരച്ചിൽ  നടത്തിയിരുന്നു. ഇപ്പോൾ കണ്ടെത്തിയ ബോംബുകൾ സമീപ ദിവസങ്ങളിൽ കൊണ്ടുവച്ചതാകാമെന്നാണ് പൊലീസ് നിഗമനം. തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

Related Articles

Back to top button