ആലിൻ രാജ്യത്തിനാകെ അഭിമാനം; കുട്ടിയുടെ മാതാപിതാക്കളെ കുറിച്ച് ഹൃദയംതൊടും കുറിപ്പുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ കുറിച്ച് ഹൃദയംതൊടും കുറിപ്പുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ആലിൻ ഷെറിൻ എബ്രഹാം രാജ്യത്തിനാകെ അഭിമാനമാണെന്ന് ഹേമന്ത് സോറൻ പറഞ്ഞു. ആലിന്‍റെ മാതാപിതാക്കളുടെ ധൈര്യത്തെയും, ത്യാഗത്തെയും, കാരുണ്യത്തെയും ഹേമന്ത് സോറൻ പ്രശംസിച്ചു. ആലിന് ഔദ്യോഗിക ബഹുമതികളോടെ വിട ചൊല്ലിയ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം അഭിനന്ദിച്ചു.
ഏതൊരു രക്ഷിതാവിനും സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നത് ഏറ്റവും വേദന നിറഞ്ഞ നിമിഷമാണ്. ഹൃദയം ദുഃഖത്താൽ നിറഞ്ഞിരിക്കുന്ന സമയത്തും കുഞ്ഞിന്‍റെ അവയവദാനത്തിന് ഷെറിൻ എൻ ജോണും, അരുൺ എബ്രഹാമും തയ്യാറായത് ത്യാഗത്തിന്‍റെയും കാരുണ്യത്തിന്‍റെയും തെളിവാണ്. കേവലം അവയവദാനം മാത്രമല്ല അത്, മനുഷ്യത്വത്തിലുള്ള അവരുടെ അചഞ്ചലമായ വിശ്വാസത്തിന്‍റെ തെളിവാണത്. ആലിൻ്റെ ജീവിതം ഹ്രസ്വമായിരിക്കാം. പക്ഷേ ഇന്ന് ആ കുഞ്ഞ് നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയായി ജീവിക്കുന്നു . അങ്ങനെ ആ ജീവിതം അനശ്വരമായെന്നും ഹേമന്ത് സോറൻ കുറിച്ചു.
ആലിൻ്റെ മാതാപിതാക്കളുടെ പ്രവൃത്തി മനുഷ്യരാശിയെ സംബന്ധിച്ച് ഒരിക്കലും മായാത്ത മാതൃകയാണ്. എല്ലാ അതിരുകൾക്കും ഭാഷകൾക്കും അതീതമാണ് ആ മാതൃക. കുഞ്ഞ് ആലിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും, മാതാപിതാക്കളുടെ അതുല്യമായ ധൈര്യത്തെ ആദരവോടെ കാണുന്നുവെന്നും ഹേമന്ത് സോറൻ കുറിച്ചു. ആലിനെ അർഹിക്കുന്ന ബഹുമതിയോടെ യാത്രയാക്കി മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെയും അഭിവാദ്യം ചെയ്യുന്നുവെന്ന് ഹേമന്ത് സോറൻ പറഞ്ഞു. മറ്റൊരു ജീവൻ നിലനിർത്തുന്ന മഹത്തായ പ്രവൃത്തിയാണ് അവയവദാനം. അവയവദാന നയം ശക്തിപ്പെടുത്താൻ ആവശ്യമായ എല്ലാ നടപടികളും ജാർഖണ്ഡ് സർക്കാർ സ്വീകരിക്കുമെന്നും ഹേമന്ത് സോറൻ വ്യക്തമാക്കി.



