സുരക്ഷാ വീഴ്ചയില്ല.. ഹെലികോപ്റ്റർ ലാൻഡ് ചെയ്തത് അഞ്ചടി മാറി..

ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു പോയ ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നതിൽ സുരക്ഷാ വീഴ്ചയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. നിശ്ചയിച്ചതിൽ നിന്നും അഞ്ചടി മാറിയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ലാൻഡ് ചെയ്യേണ്ട സ്ഥലത്തേക്ക് പിന്നീട് തള്ളിമാറ്റികയാണ് ചെയ്തത്. അതിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.

രാഷ്ട്രപതിയുടെ യാത്ര സംബന്ധിച്ച ആശയക്കുഴപ്പമാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. പുലർച്ചെ നാലു മണിയായിട്ടും രാഷ്ട്രപതിയുടെ യാത്രാമാർഗത്തിൽ തീരുമാനമായിരുന്നില്ല. രാവിലെ ആറു മണിയോടെയാണ് ഹെലികോപ്റ്റർ എന്ന തീരുമാനത്തിലെത്തിയത്. പ്രമാടത്ത് അടിയന്തരമായി മൂന്നു ഹെലിപ്പാഡുകൾ സജ്ജമാക്കാൻ ഇന്നലെ വൈകീട്ടോടെ തീരുമാനിച്ചിരുന്നു. ഹെലിപ്പാഡ് ഇന്നലെ രാത്രി കോൺക്രീറ്റ് ചെയ്തു തുടങ്ങിയെങ്കിലും ഇന്നു പുലർച്ചെയാണ് പൂർത്തിയായത്.

ഹെലിപാഡ് നിർമ്മാണത്തിൽ വിശദീകരണവുമായി പൊതുമരാമത്ത് വകുപ്പും രംഗത്തെത്തി. പ്രമാടം ഗ്രൗണ്ടിൽ ചെളിയും പൊടിപടലങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നത്. എയർഫോഴ്‌സ് ജീവനക്കാർ ചൂണ്ടിക്കാണിച്ച സ്ഥലത്താണ് ഹെലിപ്പാഡ് തയ്യാറാക്കിയത്. എയർഫോഴ്‌സ് ജീവനക്കാരുടെ സാന്നിധ്യത്തിൽ തന്നെയാണ് പ്രവൃത്തികൾ പൂർത്തിയാക്കിയതെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Related Articles

Back to top button