കാലിയായ വലയുമായി വഞ്ചിക്കാര്‍..ട്രോളിങ് നിരോധനം, കനത്ത മഴ: മീൻലഭ്യത വൻതോതിൽ കുറഞ്ഞു…
ട്രോളിങ് നിരോധനത്തിനൊപ്പം കാറ്റും മഴയും കനത്തത്തോടെ മീന്‍ലഭ്യത വന്‍തോതില്‍ കുറഞ്ഞു. ഇതോടെ മത്തിയും അയലയും ഉള്‍പ്പെടെയുള്ള മീനുകളുടെ വില കുതിച്ചുയര്‍ന്നു. കഴിഞ്ഞദിവസം അയലയും മത്തിയും കിലോഗ്രാമിന് 400 രൂപയ്ക്കാണ് വിറ്റത്. മത്തിക്ക് 350 രൂപയും അയലയ്ക്ക് 350 മുതല്‍ 360 രൂപയുമായിരുന്നു മൊത്തവിപണിയിലെ വില. ട്രോളിങ് നിരോധനസമയത്ത് മൂന്നുപേര്‍ക്കുമുതല്‍ 40 പേര്‍ക്കുവരെ പോകാവുന്ന പരമ്പരാഗത വള്ളങ്ങളിലാണ് മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകാറുള്ളത്. എന്നാല്‍, ഇത്തവണ ട്രോളിങ് തുടങ്ങിയ ജൂണ്‍ ഒന്‍പതുമുതല്‍ കനത്ത മഴയും കാറ്റും തുടങ്ങി. ഇതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞില്ല. ഇതാണ് മീന്‍ കിട്ടുന്നത് വന്‍തോതില്‍ കുറഞ്ഞതിന് കാരണം.
ദിവസങ്ങള്‍ക്കുശേഷം മാനം അല്പം തെളിഞ്ഞ ബുധനാഴ്ചയാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയി തുടങ്ങിയത്. പുതിയാപ്പയില്‍നിന്ന് ബുധനാഴ്ച രാവിലെ പോയിവന്ന 40 പേരുള്ള വള്ളത്തിന് ആയിരം കിലോഗ്രാം വട്ടച്ചാളയാണ് കിട്ടിയത്. സാധാരണ കിലോഗ്രാമിന് 50 രൂപയ്ക്ക് വില്‍പ്പന നടത്തുന്ന ഈ മീന്‍ ബുധനാഴ്ച 147 രൂപയ്ക്കാണ് മൊത്തവിപണിയില്‍ വിറ്റത്. വെള്ളയില്‍ ഹാര്‍ബറില്‍ വൈകീട്ടെത്തിയ മൂന്നുപേരടങ്ങിയ വള്ളത്തിന് 10 കിലോ മത്തി കിട്ടി. വ്യാഴാഴ്ചയും വള്ളക്കാര്‍ക്ക് ചെറിയതോതില്‍ വട്ടചാള, നെത്തോലി എന്നിവ കിട്ടി. വളര്‍ത്തുചെമ്മീനും ചിലയിടങ്ങളില്‍ ലഭിക്കുന്നുണ്ട്. 300 മുതല്‍ 400 രൂപവരെയാണ് കിലോഗ്രാമിന് വില.