കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍,മലബാര്‍ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ്,ഗുരുവായൂർ.. സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു….
ശക്തമായ മഴയിലും കാറ്റിലും കോഴിക്കോട്ടും ആലുവയിലും റെയില്‍വ ട്രാക്കിലേക്ക് മരം വീണ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നു. ചെന്നൈ- മംഗളൂരു, കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍, തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ്, നിസാമുദ്ദീന്‍- എറണാകുളം മംഗള എക്‌സ്പ്രസ്, ഗുരുവായൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം- നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്, അമൃത്സര്‍- കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയാണ് വൈകി ഓടുന്നത്.
ഇന്നലെ കോഴിക്കോട് നല്ലളത്ത് റെയില്‍വേ ട്രാക്കിലേക്ക് മൂന്ന് മരങ്ങളാണ് കടപുഴകി വീണത്. ഇതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം താളം തെറ്റിയത്. ജാംനഗര്‍ എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുന്‍പാണ് അപകടം ഉണ്ടായത്. മരങ്ങള്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ നഷ്ടമായി.കോഴിക്കോട് നല്ലളം അരീക്കാട് റെയിൽവേ ട്രാക്കിന് മുകളിൽ മരങ്ങളും വീടുകളുടെ മേൽക്കൂരയും തകർന്നു വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടത് ആറു മണിക്കൂറിലേറെയാണ്. മൂന്ന് വൻ മരങ്ങളും പത്തോളം വീടുകളുടെ മേൽക്കൂരയും ആണ് തകർന്ന് പാലത്തിൽ പതിച്ചത്. അപകടത്തെ തുടർന്ന് വടക്കൻ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകി. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും മൂന്നും നാലും മണിക്കൂർ വൈകി ഓടുകയാണ്.