മലയോരത്ത് കാറ്റും മഴയും.. വിതുരയിൽ മരം കടപുഴകി വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു..

തലസ്ഥാനത്തെ മലയോരങ്ങളിൽ മഴയും കാറ്റും തുടരുന്നു. ഇന്ന് ഉച്ചയോടെ വീശിയടിച്ച കാറ്റിലും മഴയിലും വിതുര മേഖലയിൽ മരം വീണ് മലയടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. വിതുരയിൽ നിന്നും ആര്യനാട്ടേക്ക് പോകുന്ന പാതയിൽ മലയടി, ചെരുപ്പാണിയിലാണ് റോഡിന് വശത്തു നിന്ന മരം കാറ്റിൽ കടപുഴകി വീണത്.

വൈദ്യുതി ലൈനിന് പുറത്തേക്ക് മരം വീണതോടെ പ്രദേശത്ത് വൈദ്യുതിയും തടസപ്പെട്ടു. ഇതുവഴി വാഹനങ്ങളിലെത്തിയ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വിതുരയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. മരം മറിഞ്ഞ് വീണ സമയത്ത് റോഡിൽ വാഹനങ്ങളോ കാൽനടക്കാരോ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി

അതിനിടെ വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായി പെയ്യുകയാണ്. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി. മുണ്ടക്കൈ വനമേഖലയിൽ 100 മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഫയർഫോഴ്സും പൊലീസും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്

Related Articles

Back to top button