ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് ഇന്ന് വിദഗ്ധ പരിശോധന…

:കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. കഴുത്തിലെ ക്ഷതം, എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. അര്‍ധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിനാണ് തീയട്ടത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നിൽ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.



