സൈക്കിളിൽ ഐസ്ക്രീം വിൽപ്പന.. രുചിയ്ക്കായി ഐസ്ക്രീമിൽ പാൻ മസാല…

ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന. മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോ​ഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നത് കണ്ടെത്തിയത്. അന്യ സംസ്ഥാന തൊഴിലാളികളാണ് പാൻമസാല കലർത്തിയ ഐസ്ക്രീം വിൽപ്പന നടത്തുന്നത്. സൈക്കിളിൽ കൊണ്ടുനടന്നാണ് കച്ചവടം.

മുല്ലശ്ശേരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ രജീഷ്, മുംതാസ്, ജിതിൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇരുചക്ര വാഹനങ്ങളിൽ ഐസ്ക്രീം വിൽക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഐസ്ക്രീമിൽ പാൻ മസാല കലർത്തിയിട്ടുള്ളതായി കണ്ടെത്തിയത്.

ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൻറെ അഞ്ചാം വാർഡിലെ അന്നകരയിൽ ഹോട്ടൽ, ലഘുഭക്ഷണശാലകൾ എന്നിവടങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് ഐസ്ക്രീം വിൽപനകാരനെയും പരിശോധിച്ചത്. ഐസ്ക്രീമിൽ നിരോധിക്കപ്പെട്ട പാൻ മസാല കലർത്തി കച്ചവടം നടത്തുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ രജീഷ് വ്യക്തമാക്കി.

ഐസ്ക്രീം സ്കൂപ്പ് ചെയ്യുന്ന സ്പൂൺ ഇടുന്ന വെള്ളത്തിൽ പാൻ മസാല പാക്കറ്റുകൾ പൊട്ടിച്ച് ഇട്ടിട്ടുള്ളതായും ഉദ്യോ​ഗസ്ഥർ കണ്ടെത്തി. പിടിച്ചെടുത്ത ഐസ്ക്രീം നാട്ടുകാരുടെ സാന്നിധ്യത്തിൽ കച്ചവടക്കാരനെകൊണ്ട് തന്നെ കുഴിയെടുപ്പിച്ചു മൂടി. ഐസ്ക്രീം നിർമ്മാണ കമ്പനിയിൽ നിന്നും സാമ്പിളുകളും ശേഖരിച്ചിട്ടുണ്ടെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button