പ്രായമാകുമ്പോള്‍ കാഴ്ച മങ്ങുമെന്ന ടെന്‍ഷനുണ്ടോ?.. എങ്കിൽ വേണ്ട.. ഇത് ദിവസവും രണ്ട് പിടിവീതം കഴിച്ചാൽ മതി…
പ്രായമാകുമ്പോൾ കാഴ്ചശക്തിക്ക് മങ്ങലേൽക്കാം.എന്നാൽ ഇനി അതും മറികടക്കാൻ സാധിക്കും.ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം.ദിവസവും രണ്ട് പിടി പിസ്ത കഴിക്കുന്നത് പ്രായമായവരിൽ കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമായ മാക്യുലർ ഡീജനറേഷൻ തടയാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.കണ്ണിന്റെ റെറ്റിനയിലെ മൂർച്ചയുള്ളതും കേന്ദ്രീകൃതവുമായ കാഴ്ചശക്തിക്ക് കാരണമാകുന്ന ഭാഗമാണ് മാക്കുല. പ്രായമാകുമ്പോൾ മാക്കുലയെ ബാധിക്കുന്ന അവസ്ഥയാണ് മാക്കുലാർ ഡീജനറേഷൻ. ഇത് ക്രമേണ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിന് പിസ്ത വളരെ നല്ലതാണ്.കണ്ണിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നീ ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പിസ്‌ത. കാഴ്‌ച വര്‍ദ്ധിപ്പിക്കാനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും.ഉപ്പില്ലാത്തതും, പുറംതോട് നീക്കം ചെയ്തതും, ഉണക്കി വറുത്തതുമായ രണ്ട് പിടി പിസ്ത ദൈനംദിന ഭക്ഷണത്തിൽ ചേർത്ത ആളുകളുടെ മാക്കുലാർ പിഗ്മെന്റ് ഒപ്റ്റിക്കൽ ഡെൻസിറ്റി (MPOD) വെറും ആറ് ആഴ്ചകൾക്കുള്ളിൽ ഗണ്യമായ പുരോഗതി പ്രകടമാക്കിയതായി ഗവേഷകർ നിരീക്ഷിച്ചു.
പിസ്ത രുചികരമായ ലഘുഭക്ഷണം മാത്രമല്ല.ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഡ്രൈ നട്‌സാണ് പിസ്‌ത. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, വിറ്റാമിൻ ബി 6, വിറ്റാമിൻ ഇ, കെ, സി പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ് തുടങ്ങീ പോഷകങ്ങളാൽ സമ്പുഷ്‌ടമാണിത്.കണ്ണുകൾക്ക് വേണ്ടി മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കും. രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.